കോഴിക്കോട്: അടച്ചിട്ട ബേക്കറി തീപിടിച്ച് പൂർണമായും കത്തി നശിച്ചു. എലത്തൂർ പൊലീസ് സ്റ്റേഷനു സമീപം ടേസ്റ്റി ബേക്കറിയിലാണ് അഗ്നിബാധ. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടത്തമെന്നാണ് നിഗമനം. ബേക്കറി നടത്തിപ്പുകാരൻ പുഷ്പരാജനും ജീവനക്കാരും കടയടച്ച് പോയതായിരുന്നു. രാവിലെ ബേക്കറി തുറക്കാൻ എത്തിയപ്പോഴാണ് കത്തി നശിച്ച് പുക നിറഞ്ഞ നിലയിൽ കണ്ടത്. പ്രവാസിയായ എലത്തൂർ സ്വദേശി മുഹമ്മദ് അനസിന്റെ ഉടമസ്ഥതയിലാണ് കട. ഫ്രീസറും ഫ്രിഡ്ജും പലഹാരങ്ങൾ സൂക്ഷിക്കുന്ന ഷെൽഫുകളും ഉൾപ്പെടെ കത്തിച്ചാമ്പലായി. കടയ്ക്കുള്ളിൽ പിൻവശത്ത് ഗ്യാസ് സിലിൻഡറു ണ്ടായിരുന്നെങ്കിലും ആ ഭാഗത്തേയ്ക്ക് തീ പടരാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. മൂന്നര ലക്ഷം രുപയുടെ നാശനഷ്ടം കണക്കാക്കുന്നു. ബീച്ച് സ്റ്റേഷൻ ഓഫീസർ പി.സതീഷിന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.