ബാലുശ്ശേരി: പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പേരാമ്പ്ര തണ്ടോപ്പാറ പൈതോത്ത് റോഡിൽ കൈപ്പാക്കണ്ടി കുനിയിൽ മുഹമ്മദ് സറീഷിനെ (24) പിടികൂടി. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ബാലുശ്ശേരി കാട്ടാമ്പള്ളി റോഡിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 4.200 കി.ഗ്രാം കഞ്ചാവുമായി മുഹമ്മദ് സറീഷിനേയും പേരാമ്പ്ര ആവള ചെറുവട്ട് കുന്നത്ത് മുഹമ്മദ് ഹർഷാദിനേയും (23) ബാലുശ്ശേരി പൊലീസ് പിടികൂടിയത്. രാത്രിയോടെ കോടതിയിൽ ഹാജരാക്കാൻ വീഡിയോ കോൺഫറൻസിനായി വെളിച്ചമുള്ള സ്റ്റേഷൻ മുറ്റത്തേക്ക് എത്തിക്കവേ രണ്ടുപേരും ഓടുകയായിരുന്നു. ഹർഷാദിനെ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് പിടികൂടിയെങ്കിലും സറീഷ് രക്ഷപ്പെട്ടു. നാലു ദിവസം ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊന്നാനിയിൽ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ പെട്ട എസ്.ഐ മധു, എ.എസ്.ഐമാരായ പൃഥ്വിരാജ്, സജീവൻ, റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ബാലുശ്ശേരിയിൽ ഇന്നലെ വൈകീട്ടോടെ എത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.