
കോഴിക്കോട്: കൊവിഡിനെ അതിജീവിക്കാൻ പാടുപെടുന്ന കർഷകന് ഇരുട്ടടി നൽകി കുരുമുളകിന്റെ വിലത്തകർച്ച. വിപണിയിൽ കിലോയ്ക്ക് 700 രൂപ വരെയുണ്ടായിരുന്ന കുരുമുളകിന്റെ വില 320ൽ എത്തി. 2018വരെ ഏറിയും കുറഞ്ഞും മോശമല്ലാത്ത വില ലഭിച്ചിരുന്നു. 2019 മുതലാണ് വില കുത്തനെ ഇടിഞ്ഞു തുടങ്ങിയത്.
പ്രളയവും കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് നൽകിയ പ്രഹരം ചെറുതായിരുന്നില്ല. പ്രളയത്തിന് ശേഷം വലിയൊരു ശതമാനം കുരുമുളക് കൃഷിയും നശിച്ചു. കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ സാരമായി ബാധിച്ചു. വിളകൾക്ക് രോഗബാധ പിടിപെട്ടതോടെ മുമ്പുണ്ടായിരുന്ന പകുതി വിള പോലും ലഭിക്കാതെയായി. കടുത്ത വെയിലിൽ മുളക് മൂപ്പാകാതെ പഴുക്കുകയാണ്. അപ്രതീക്ഷിത മഴ കുരുമുളക് കൊഴിയാനും കാരണമായി. ഉത്പാദനം കുറഞ്ഞെങ്കിലും ചെലവ് താങ്ങാവുന്നതിലും അധികമാണ്. വളപ്രയോഗവും പരിപാലനത്തിനുമായി നല്ലൊരു തുക ചെലവാകും. ഇതിനു പുറമെ കൂലിയിലും വർദ്ധനവുണ്ടായി. പ്രതിദിനം പത്തു കിലോയിൽ താഴെ മാത്രമെ മുളക് പറിക്കാൻ കഴിയൂ. ഇവ ഉണങ്ങിവരുമ്പോൾ കൂലി കൊടുത്തു കഴിഞ്ഞാൽ തുച്ഛമായ തുകയാണ് കർഷകന് ലഭിക്കുന്നത്. കൂലി കൊടുക്കാൻ കഴിയാത്തതിനാൽ കുരുമുളക് ഏറിയവയും കൊഴിഞ്ഞു പോയെന്നും കർഷകർ പറയുന്നു. കൊവിഡിനെ തുടർന്ന് തൊഴിലാളികളെ കിട്ടാത്തതും ഇത്തവണ കർഷകരെ പ്രതിസന്ധിയിലാക്കി. മുടക്കുമുതൽ കിട്ടാത്തതിനാൽ പരമ്പരാഗത കർഷകർ പോലും കുരുമുളക് കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്. പലരും വീട്ടാവശ്യത്തിന് മാത്രം കൃഷി ചെയ്യുന്ന അവസ്ഥ. വിളവ് കുറഞ്ഞതോടെ ആവശ്യക്കാർക്ക് നേരിട്ട് നൽകുകയാണ്. നാടൻ, ചേട്ടൻ, വയനാടൻ കുരുമുളകാണ് വിപണിയിൽ മുന്നിലുള്ളത്. വയനാടൻ കുരുമുളകിനാണ് ഡിമാൻഡ് കൂടുതൽ.
' പ്രളയത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് കൊവിഡ്. ജനുവരിയിലെ കാലം തെറ്രിയ മഴ കൃഷിയെ കാര്യമായി ബാധിച്ചു. വെയിൽ കനത്തതോടെ കുരുമുളക് കൊഴിയാനും തുടങ്ങി '.- ഗംഗാധരൻ,
കർഷകൻ