കുറ്റ്യാടി: നരിക്കൂട്ടുംചാൽ രാജീവ് നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തെ പടു മരം ഭീഷണി ഉയർത്തുന്നു. രാജീവ് ഗാന്ധി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു തൊട്ടടുത്തായി പടർന്നു പന്തലിച്ചു നിൽക്കുന്ന മരം ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ റോഡിലേക്ക് ചാഞ്ഞാണ് മരത്തിന്റെ നിൽപ്പ്.
കുറ്റ്യാടി ഭാഗത്തേക്ക് യാത്ര ചെയ്യാൻ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്കും സമീപത്തെ ബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കും ഭീഷണിയായി മരം മാറിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മരത്തിന്റെ ശാഖ പൊട്ടി വീണ് ബൈക്ക് യാത്രികൻ പരിക്കേറ്റിരുന്നു. അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജനങ്ങളുടെ ജീവന് ഭീഷണിയായ പടു മരം ഉടൻ മുറിച്ചു മാറ്റണമെന്ന് വേദിക വായനശാല യോഗം ആവശ്യപ്പെട്ടു. ജെ.ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രവീന്ദ്രൻ, എസ്.ജെ.സജീവ് കുമാർ, ടി.സുരേഷ് ബാബു, ടി.പി.സജീവൻ, പി.കെ.ശശി, എൻ.സി.സുനി, കെ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.