water

കോഴിക്കോട്: പിൻവാതിൽ നിയമനത്തിനെതിരേ കളക്ടറേറ്റിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ സംഘർഷം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് എം.എസ്.എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. അർഷിദ് നൂറാംതോട്, ഫസലുറഹ്മാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ചിന് നേതൃത്വം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ട്രഷറർ റഷാദ് വി.എം, സൽമാൻ വാളൂർ എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11 ഓടെയാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയത്. എരഞ്ഞിപ്പാലത്ത് നിന്ന് മാർച്ച് ആരംഭിച്ചു. കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. സാബിത്ത് മായനാട്, ഷാഫി എടച്ചേരി, ഷമീർ പാഴൂർ, അജ്മൽ തൂണേരി നേതൃത്വം നൽകി.