രാമനാട്ടുകര: രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷക സമരത്തിന് ഒറ്റയാൾ നാടകത്തിലൂടെ ഹൃദയ ഐക്യം പ്രഖ്യാപിച്ച് ഇപ്‌റ്റ തീയേറ്റർ ഗ്രൂപ്പ്.
വിവിധ സ്ഥലങ്ങളിലായി പത്തോളം അരങ്ങുകളിൽ 'ജയ് കിസാൻ ' എന്ന ഏകപാത്ര നാടകം അരങ്ങേറിക്കഴിഞ്ഞു. ജനുവരി 30 ന് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിൽ മലപ്പുറത്തും നെടിയിരുപ്പ് ചിറയിൽ ചുങ്കത്തുമായിരുന്നു തുടക്കം. ആത്മഹത്യ ചെയ്ത കർഷകർ പ്രേതലോകത്ത് ആഹ്ലാദനൃത്തം ചെയ്യുമ്പോൾ അതിന്റെ മൂപ്പനായും അധികാരം നിശ്ശബ്ദമാക്കപ്പെടുന്ന തെരുവിന്റെ അധിപനായും പഞ്ചാബിലെ ഖലിസ്ഥാൻ ആക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ട് കേരളത്തിൽ വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ വിൽക്കാനെത്തിയ ജർണയിൽ സിംഗായും മൂന്ന് കഥാപാത്രങ്ങളായി വേദിയിലെത്തുന്നത് ബാബു ഒലിപ്രം. ജയ് ജവാൻ എന്ന മുദ്രാവാക്യത്തോടൊപ്പം ജയ് കിസാൻ എന്നതു ചേർക്കാൻ വിട്ടു പോകുന്നതിന്റെ ഔചിത്യക്കുറവ് കൂടി നാടകം ചർച്ചയ്ക്കിടുകയാണ്.
നാടകരചനയും ആവിഷ്കാരവും നിർവഹിച്ചതും ബാബു ഒലിപ്രം തന്നെ. ഗാനരചന പ്രദീപ് രാമനാട്ടുകര, അനീഷ എന്നിവരുടേതാണ്. സംഗീതവും ആലാപനവും മണ്ണൂർ പ്രകാശും കലാസംവിധാനം റംലാ സുരേഷും രാജൻ ചേറക്കോടും നിർവഹിച്ചിരിക്കുന്നു. സാങ്കേതികസഹായം നൽകിയിരിക്കുന്നത് ബി ടി വി പുളിക്കലാണ് സ്വാതന്ത്ര്യസമര കാലത്ത് പിറന്ന പോരാട്ട സംഘടനയാണ് ഇപ്‌റ്റ.