1
cleen

നാദാപുരം: നാദാപുരം പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ലീൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടപടികൾ ആരഭിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വാഹനങ്ങളിൽ ഉൾപ്പെടെയുള്ള തെരുവ് പുസ്തകച്ചവടങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ, ഫൂട്പാത്ത് കയ്യേറ്റം, റോഡിലും പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കൽ എന്നിവക്കെതിരെയാണ് നടപടികൾ തുടങ്ങിയത്.

ക്ലീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നാദാപുരം, കല്ലാച്ചി ടൗണുകൾ കഴിഞ്ഞദിവസങ്ങളിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരണം നടത്തിയിരുന്നു. നാലു ലോഡ് മാലിന്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്ത് സംസ്‌കരണ യൂണിറ്റുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഇനി മുതൽ കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതാത് സ്ഥാപനങ്ങൾ തന്നെ കെട്ടി വെച്ച് സൂക്ഷിക്കണം. മാർച്ച് മാസം മുതൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മ സേന പ്രവർത്തകർ കടകളിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കി കൊണ്ട് മാലിന്യങ്ങൾ ശേഖരിക്കും . റോഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ, ലൈസൻസ് റദ്ദ് ചെയ്യൽ മുതലായ നിയമനടപടികൾ സ്വീകരിക്കും.

ടൗണുകളിൽ വാഹനങ്ങളിൽ ഉൾപ്പെടെയുള്ള തെരുവ് കച്ചവടങ്ങൾ നിരോധിച്ചു. ഇതിന്റെ ഭാഗമായി ചേലക്കാട്, കല്ലാച്ചി, നാദാപുരം എന്നീ ടൗണുകളിലെ തെരുവ് കച്ചവടങ്ങൾ ഒഴിപ്പിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് സഹായത്തോടുകൂടി നടപടികൾ സ്വീകരിക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെയും ഫുട്പാത്ത് കൈയേറി കച്ചവട സാമഗ്രികൾ വെക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. കൂടാതെ പാർക്കിംഗ് ഏരിയ കച്ചവട ആവശ്യത്തിന് ഉപയോഗിക്കാൻ പാടുള്ളതല്ല . പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിന് കഴിഞ്ഞദിവസം സിൻജർ കഫെ, ഹൈടെക് മൊബൈൽ എന്നീ സ്ഥാപനങ്ങൾക്ക് 4000 രൂപ പിഴ ചുമത്തിയിരുന്നു. പാർക്കിംഗ് സ്ഥലം കച്ചവട ആവശ്യത്തിന് ഉപയോഗിച്ച ഇൻഡോറ അസോസിയേറ്റ് സിനെതിരെ നടപടി സ്വീകരിച്ചതിനെ തുടർന്ന് കച്ചവട സാമഗ്രികൾ മാറ്റിയിട്ടുണ്ട്. മതിയായ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ജീവനക്കാരുടെടെ ഹെൽത്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ , കഫ്റ്റീരിയകൾ ,തട്ടുകടകൾ മുതലായവ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും . ഇതിനായി രാത്രികാല പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും.