
സ്വീകരണം 12 കേന്ദ്രങ്ങളിൽ
കോഴിക്കോട്: നവകേരള സൃഷ്ടിയ്ക്കായുള്ള എൽ.ഡി.എഫ് വികസന മുന്നേറ്റ
യാത്ര 17ന് ജില്ലയിൽ പ്രവേശിക്കും. ജാഥയ്ക്ക് 12 കേന്ദ്രങ്ങളിൽ വിപുലമായ സ്വീകരണം സംഘടിപ്പിക്കാൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 17ന് വൈകിട്ട് 3ന് അടിവാരത്തെത്തുന്ന ജാഥയ്ക്ക് ഉജ്ജ്വല വരവേല്പ് നൽകും. വൈകിട്ട് 4ന് മുക്കത്തും 5ന് താമരശ്ശേരിശ്ശേരിയിലും സ്വീകരണം കഴിഞ്ഞ് 6ന് ബാലുശ്ശേരിയിലാണ് സമാപനച്ചടങ്ങ്. 18ന് രാവിലെ 10ന് പേരാമ്പ്ര, 11ന് കല്ലാച്ചി, വൈകിട്ട് 3ന് കുറ്റ്യാടി, 4ന് വടകര, 5ന് കൊയിലാണ്ടി, 19ന് രാവിലെ 10 ന് എലത്തൂർ, വൈകിട്ട് 3ന് മാവൂർ, 4 ന് ഫറോക്ക് പേട്ട, 5ന് കോഴിക്കോട് ബീച്ച് എന്നിങ്ങനെയാണ് മറ്റു രണ്ടു ദിവസത്തെ പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സ്വീകരണം. ജാഥ എത്തുന്നതിന് തലേ ദിവസം ബൂത്ത് അടിസ്ഥാനത്തിൽ വിളംബര ജാഥ സംഘടിപ്പിക്കും.
യോഗത്തിൽ ടി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി. മോഹനൻ, മുക്കം മുഹമ്മദ്, ടി.പി. ദാസൻ, മനയത്ത് ചന്ദ്രൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.ടി. ആസാദ്, എം. നാരായണൻ, സി. സത്യചന്ദ്രൻ, പി.ആർ. സുനിൽസിംഗ്, അഡ്വ.ബാബു ബെനഡിക്ട്, പി.എം മുഹമ്മദലി, സി.പി. ഹമീദ്, ഭാസ്‌കരൻ കൊഴുക്കല്ലൂർ, അരുൺ തോമസ് എന്നിവർ സംസാരിച്ചു.