fisherman

 ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റ് 22ന്

 250. 79 കോടിയുടെ പദ്ധതികൾക്ക്

ഡി.പി.സി അംഗീകാരം

കോഴിക്കോട്: മത്സ്യബന്ധന തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ഈ മേഖലയിലുള്ളവരെ ടൂറിസം വ്യവസായവുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട് 'മത്സ്യസഞ്ചാരി" പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിൽ മായം കലരാത്ത മത്സ്യവിഭവങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കുകയാണ് ഈ വൈകാതെ നടപ്പാക്കുന്ന ഈ നൂതനപദ്ധതിയുടെ ഉദ്ദേശ്യമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല
വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ 876 പദ്ധതികളിലൂടെ 250. 79 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 12ന് ഗ്രാമസഭ നടക്കും. 16ന് നടക്കുന്ന വികസന സെമിനാറിൽ പദ്ധതികൾക്ക് അന്തിമ അംഗീകാരമാവും. പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ് 22ന് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 44 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കൊവിഡ് കെയർ പദ്ധതി നടപ്പാക്കും. 12ന് തുടക്കമിടുന്ന പദ്ധതി രണ്ടാംഘട്ടത്തോടെ എയ്ഡഡ് സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കും. കൊവിഡ് പ്രതിരോധം മുൻനിറുത്തി ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പൻസറും ഇൻഫ്രാറെഡ് തെർമോമീറ്ററുകളും നൽകും.
സൗരോർജ പദ്ധതിയനുസരിച്ച് പുതുതായി എട്ട് സ്‌കൂളുകളിലും ജില്ലാപഞ്ചായത്തിന്റെ 13 അനുബന്ധ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും. നിലവിൽ 44 സ്‌കൂളുകളിൽനിന്നായി 480 കെ.വി. വൈദ്യുതി ലഭ്യമാവുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫർണിച്ചർ വാങ്ങാൻ 90 ലക്ഷം രൂപ കൂടി നൽകും. കഴിഞ്ഞ വർഷം 1. 25 കോടി രൂപ ലഭ്യമാക്കിയിരുന്നു. സ്‌കൂളുകളിൽ 84 നാപ്കിൻ ഇൻസിനറേറ്റർ കൂടി സ്ഥാപിക്കും. 79 യൂണിറ്റുകൾ മുൻവർഷങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
വടകര ഡയറ്റുമായി സഹകരിച്ച് എഡ്യുകെയർ പദ്ധതി നടപ്പാക്കും. ഡയറ്റിന്റെ മേൽനോട്ടത്തിൽ വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഓൺലൈൻ മെറ്റീരിയലുകൾ അച്ചടിച്ചു വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഓൺലൈൻ സൗകര്യങ്ങളുടെ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാവും.
കൊവിഡ് കാലത്ത് വരുമാനം നിലച്ച സ്ത്രീകൾക്കായി വിവിധ തൊഴിൽസംരംഭങ്ങൾ നടപ്പാക്കും. പ്രാദേശിക തൊഴിലവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും.

സാമൂഹികനീതി വകുപ്പുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ, ഇലക്ട്രിക് വീൽചെയർ, ഹിയറിംഗ് എയ്ഡ് തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും.

 കിടപ്പുരോഗികൾക്കായി

ജീവൽസ്‌പന്ദനം

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ ജീവൽസ്പന്ദനം പദ്ധതി നടപ്പാക്കും. ഇതുവഴി 40 യൂണിറ്റ് ഓക്‌സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കും. പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ വഴിയാണ് പദ്ധതി നിർവഹണം. സംസ്ഥാനത്തു ആദ്യമായാണ് ഇത്തരമൊരു പദ്ധതി.