kappad
കാപ്പാട് ബീച്ചിലെ ഗ്രീൻ കാർപെറ്റ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നു

കോഴിക്കോട്: കാപ്പാടിലേതുൾപ്പെടെ ജില്ലയിലെ മൂന്ന് ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിൽ ഗ്രീൻ കാർപെറ്റ് പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. 99. 95 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയതാണ് ഇത്. തോണിക്കടവ്, അരിപ്പാറ എന്നിവിടങ്ങളിലേതാണ് മറ്റു രണ്ടു ടൂറിസം പദ്ധതികൾ.

കാപ്പാട് ഒരുക്കിയ ചടങ്ങിൽ കെ. ദാസൻ എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻകോയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി മുഹമ്മദ് ഷരീഫ്, വത്സല പുല്യേത്ത്, ഡി ടി പി സി സെക്രട്ടറി സി. പി ബീന തുടങ്ങിയവർ സംബന്ധിച്ചു.

പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് തോണിക്കടവ് പദ്ധതി നടപ്പാക്കിയത്. ബോട്ടിംഗ് സെന്റർ, വാച്ച് ടവർ, കെഫറ്റീരിയ, ആറ് റെയിൻ ഷെൽട്ടറുകൾ, ഓപ്പൺ എയർ ആംഫി തിയേറ്റർ, ശൗചാലയം, നടപ്പാതകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതിയിലെ പ്രവൃത്തികൾ.ര ണ്ട് ഘട്ടങ്ങളിലായി 3. 9 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

തോണിക്കടവിലെ ചടങ്ങിൽ പുരുഷൻ കടലുണ്ടി എം. എൽ. എ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പോളി കാരക്കട, കെ. സുനിൽ, സി. എച്ച് സുരേഷ്, സി. കെ ശശി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കെ ഹസീന, വിനോദസഞ്ചാര വകുപ്പ് റീജിണൽ ജോയിന്റ് ഡയറക്ടർ സി.എൻ അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.


വിനോദ സഞ്ചാര വകുപ്പ് 1. 92 കോടി ചെലവഴിച്ചാണ് ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി പൂർത്തിയാക്കിയത്. 1. 76 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തൂക്കുപാലത്തിനു പുറമെ 7.58 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ പ്രവൃത്തിയും തീർത്തു. മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത് ഇവിടെയാണ്.

ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്‌സി പുളിക്കാട്ട്, അലക്‌സ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ അബ്ദുറഹ്‌മാൻ, ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റുമാരായ പി. ടി അഗസ്റ്റിൻ, അന്നകുട്ടി ദേവസ്യ, ജോളി ജോസഫ്, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.