കോഴിക്കോട്: സുഗന്ധവ്യഞ്ജന ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളിൽ കൊവിഡ് ബാധയുടെ നിരക്ക് കുറവാണെന്ന് കാർഷിക ഗവേഷണ വിദ്യാഭ്യാസ സെക്രട്ടറിയും ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയരക്ടർ ജനറലുമായ ഡോ. ത്രിലോചൻ മൊഹാപാത്ര പറഞ്ഞു.
ഇന്ത്യൻ സൊസൈറ്റി ഫോർ സ്‌പൈസസിന്റെ ആഭിമുഖ്യത്തിലുള്ള ചതുർദിന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിമ്പോസിയം ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം മുതൽ കയറ്റുമതിയിൽ വരെ ഗണ്യമായ വളർച്ച കൈവരിക്കുന്നതിന് ഈ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ബയോ ഫോർട്ടിഫൈഡ് സുഗന്ധവ്യഞ്ജനങ്ങളും മറ്റു വിളകളും ജനപ്രിയമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ. സി. എ. ആർ അസി. ഡയരക്ടർ ജനറൽ ഡോ.വിക്രമാദിത്യ പാണ്ഡെ അദ്ധ്യക്ഷത വഹിച്ചു. പോഷക സുരക്ഷയ്ക്കായി കാർബൺ ക്രമീകരണം എന്ന വിഷയത്തെകുറിച്ച് വേൾഡ് ഫുഡ് പ്രൈസ് ജേതാവും ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ.രത്തൻ ലാൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സുഗന്ധഭാരതി അവാർഡ് ഡോ. പി.എൻ രവീന്ദ്രനും സുഗന്ധശ്രീ കർഷക പുരസ്കാരം ടി. ജോസഫിനും സമ്മാനിച്ചു. ഡോ. എ. കെ. സിംഗ് , സ്‌പൈസസ് ബോർഡ് ചെയർമാൻ ഡി. സത്യൻ, ഹോങ് തി ലിയൻ, ഡോ. ഗോപാൽ ലാൽ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. രമ, അടയ്ക്ക സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഹോമി ചെറിയാൻ, രാംകുമാർ മേനോൻ, ഡോ. എ. രമശ്രീ, ഡോ. സന്തോഷ് ജെ. ഈപ്പൻ എന്നിവർ സംസാരിച്ചു.