
കൊയിലാണ്ടി: നഗരവികസനത്തിന്റെ ദുരിത വാഹകരാകാൻ വിധിക്കപ്പെട്ട് കൊയിലാണ്ടിയിലെ തീരദേശവാസികൾ. നഗരത്തിലെ ഹോട്ടലുകളിലേയും താലൂക്ക് ആശുപത്രിയിലേയും മലിന ജലം ഒഴുകിയെത്തുന്നതിനാൽ 39,40 വാർഡുകളിലെ ജന ജീവിതമാണ് കടുത്ത പ്രതിസന്ധിയിലായത്. ഡ്രൈനേജിൽ മലിനജലം കെട്ടിനിന്നതോടെ അസഹ്യമായ ദുർഗ്ഗന്ധമാണ് പ്രദേശത്താകെ പരക്കുന്നത്. കൂടാതെ കൊതുക് ശല്യവും. പലയിടത്തും സ്ലാബുകൾ പൊട്ടി പൊളിഞ്ഞ നിലയിലാണ്. കിണർ വെള്ളം ഉപയോഗിക്കാൻ നാട്ടുകാർ ഭയപ്പെടുകയാണ്. ഈ വാർഡുകളിൽ താമസിക്കുന്നവർ അധികവും കൂലിപ്പണിക്കാരും മത്സ്യ തൊഴിലാളികളുമാണ്. നഗരത്തിൽ നിന്നെത്തുന്ന മലിനജലം കടലിലേക്ക് ഒഴുകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. മഴക്കാലമായാൽ ദേശീയപാതയിൽ നിന്നെത്തുന്ന മഴ വെള്ളം അഴുക്ക് ചാലിലെ മലിനജലവുമായി ചേർന്ന് വീടുകളിലേക്ക് കയറും. നേരത്തെ നഗരത്തിലെ മലിനജലം കടലിലേക്ക് ഒഴുകിപ്പോയത് പല തോടുകളിലൂടെ ആയിരുന്നു . എന്നാൽ തോടുകൾ പലതും ഇല്ലാതായതോടെ വാർഡുകളിലൂടെയായി ഒഴുക്ക്. മഴക്കാലപൂർവ ശുചീകരണത്തിന് നഗരസഭ വകയിരുത്തുന്ന പണം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കൗൺസിലർമാരായ എ.അസീസും പി.രത്നവല്ലിയും പറഞ്ഞു. പള്ളിയും മദ്രസയും വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കുന്നതും ഇവിടെ തന്നെയാണ്. ചില നേരങ്ങളിൽ കക്കൂസ് മാലിന്യം ഡ്രൈനേജിലൂടെ ഒഴുക്കാറുണ്ടെന്ന് കച്ചവടക്കാരനായ ആരിഫ് പറഞ്ഞു. ആറ് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് കാലക്രമത്തിൽ ഇടുങ്ങിയതാണ് ഒഴുക്കിന് തടസമായതെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു. കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ എ.അസീസ് അടിയന്തിര പ്രമേയം അവതരിപ്പിക്കുകയും സർക്കാറിലേക്ക് അയക്കുകയും ചെയ്തിരുന്നു. പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അഞ്ച് വർഷം മുമ്പ് പി. രത്നവല്ലി കലക്ടർക്ക് നിവേദനം നൽകിയിരുന്നു.