darmajan

ബാലുശ്ശേരി: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിയാകുമോ? യു.ഡി.എഫിന് ബാലികേറാമലയായ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ചൂടുപിടിക്കുന്ന ചർച്ച ഇപ്പോഴിതാണ്. അതിന് കനലേറ്റുന്ന പടയോട്ടം ധർമ്മജൻ മണ്ഡലത്തിൽ കാഴ്ചവച്ചതോടെ നാട്ടുകാരാകെ കൺഫ്യൂഷനിലാണ്. വിവിധ ഭാഗങ്ങളിലെ പൊതുപരിപാാടികളിൽ ധർമ്മജൻ പങ്കെടുത്തു കഴിഞ്ഞു. മണ്ഡലം പിടിക്കാൻ യു.ഡി.എഫ് സിനിമാ താരത്തെ കളത്തിലിറക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഇന്നലെ ബാലുശ്ശേരിയിൽ നടന്ന പാർട്ടി പരിപാടികളിൽ സജീവമായതോടെ ഉറപ്പിച്ച മട്ടാണ്. ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് 96-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനോജ് കുന്നോത്തിന്റെ 48 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതും ധർമ്മജനായിരുന്നു.
ബാലുശ്ശേരിയിൽ മത്സര രംഗത്ത് ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഞാൻ കോൺഗ്രസുകാരനാണെന്നും പാർട്ടി പറഞ്ഞാൽ ഏതു മണ്ഡലത്തിൽ മത്സരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ പുരുഷൻ കടലുണ്ടി വിജയിച്ച മണ്ഡലമാണ് ബാലുശ്ശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15,000 ലധികം വോട്ടിന്റെ ഭൂരിപക്ഷവും നേടിയിരുന്നു. സംവരണ മണ്ഡലമാകുന്നതിന് മുമ്പ് എൻ.സി.പിയാണ് ഇവിടെ മത്സരിച്ചിരുന്നത്. മന്ത്രി എ.കെ. ശശീന്ദ്രനും എ.സി.ഷൺമുഖദാസും തുടർച്ചയായി വിജയിച്ചു. സംവരണ മായതോടെ സീറ്റ് എൻ.സി.പിയിൽ നിന്ന് സി.പി.എം ഏറ്റെടുക്കുകയായിരുന്നു.