കോഴിക്കോട്: 20 വ‌ർഷത്തോളമായി ഭൂനികുതി സ്വീകരിക്കാത്ത റവന്യൂ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപ്പാറ വില്ലേജുകളിലെ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മുഴുവൻ കർഷകരുടെയും നികുതി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശ പ്രകാരം 2019 ജൂൺ 27ന് ജില്ലാ കളക്ടർ ഉത്തരവ് നൽകിയെങ്കിലും വില്ലേജ് ഓഫീസർമാർ നടപ്പിലാക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. ചിലയിടങ്ങളിൽ നികുതി സ്വീകരിച്ചെങ്കിലും രേഖകളുള്ള എല്ലാ കർഷകരിൽ നിന്നും നികുതി പിരിക്കണമെന്ന് കർഷകർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി, റവന്യൂ, എക്‌സൈസ് മന്ത്രിമാർ, എം.പി., എം.എൽ.എ., ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, കളക്ടർ, എ.ഡി.എം, ആർ. ഡി.ഒ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകിയതായി മലയോര കർഷക ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അമ്പതിലധികം പേരുടെ നികുതിയാണ് ഇനി സ്വീകരിക്കാനുള്ളത്.
1940 മുതൽ കിഴക്കേടത്ത്, മല്ലിശ്ശേരി, നിലമ്പൂർ, പുറക്കോട്, നരിക്കോട്ട്, കോവിലകങ്ങളിൽ നിന്ന് വിലയ്ക്ക് വാങ്ങി ആധാരം, പട്ടയം തുടങ്ങിയ റവന്യൂ രേഖകളോടെ 80 വർഷമായി പുരവെച്ച് താമസിച്ചും കൃഷി ചെയ്തും 2002 വരെ വില്ലേജുകളിൽ നികുതിയടച്ചും വന്നിരുന്ന സ്ഥലങ്ങൾ വനം കൈയേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി നിഷേധിക്കുന്നത്. വിഷയം നിയമസഭയിൽ സബ് മിഷനായി വന്നതോടെ വനം റവന്യൂ വകുപ്പുകൾ ജോയിന്റ് വെരിഫിക്കേഷൻ നടത്തി നികുതി സ്വീകരിക്കുന്നതിന് 2005ൽ സർക്കാർ ഉത്തരവാകുകയും ചെയ്തു. എന്നാൽ വനം വകുപ്പിന്റെ നിസഹകരണം മൂലം ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാകാൻ പത്ത് വർഷമെടുത്തു. വിവിധ കാലയളവിൽ മുഖ്യമന്ത്രിമാർ വിളിച്ചുചേർത്ത ഉന്നതതല യോഗ തീരുമാനപ്രകാരം 1977 ജനുവരി ഒന്നിന് മുമ്പുള്ള ഭൂമികളുടെ ആധാരം, പട്ടയം, നികുതി ചീട്ട്, ലാന്റ് ഏരിയാ രജിസ്റ്റർ തുടങ്ങിയവ പരിശോധിച്ച് നികുതി സ്വീകരിക്കാൻ കളക്ടർ ഉത്തരവിറക്കി.. 2019 ജനുവരി 12ന് കൂരാച്ചുണ്ടിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും മന്ത്രി ടി.പി രാമകൃഷ്ണനും പങ്കെടുത്ത് നികുതി സ്വീകരിക്കൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തെങ്കിലും പൂർണതോതിൽ ഗുണം ലഭിച്ചില്ലെന്ന് കർഷകർ ആരോപിക്കുന്നു.

കർഷകർ രേഖകളുമായി എത്തിയാലും വില്ലേജ് ഓഫീസർമാർ നികുതി സ്വീകരിക്കുന്നില്ല. കൈവശഭൂമിക്ക് വില്ലേജിൽനിന്ന് റവന്യൂരേഖകൾ കിട്ടാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയവയ്ക്ക് ബാങ്ക് വായ്പകളെടുക്കാനോ, സ്ഥലം കൈമാറ്റം ചെയ്യാനോ, വിൽപ്പന നടത്താനോ കഴിയുന്നില്ല. റബർ റീ പ്ലാന്റേഷൻ, കാട് തെളിക്കൽ, മരം മുറി എന്നിവയ്ക്ക് വനപാലകർ എൻ.ഒ.സി നൽകുന്നില്ലെന്നും കർഷകർ പറയുന്നു.
മലയോര കർഷക ആക്ഷൻ കമ്മിറ്റി ചെയർമാൻ ഒ.ഡി തോമസ്, മുഹമ്മദ് പുന്നൂർ, പനങ്ങാട് പത്മനാഭൻ, ജെസി കരിയാത്തുംപാറ, സൗമിനി കാന്തലാട്, ത്രേസ്യാ തലയിണകണ്ടത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.