hospital

 പൂർത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം 12ന്

കോഴിക്കോട്: ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഈ മാസം 12ന് ഉദ്ഘാടനം ചെയ്യും. ബീച്ച് ആശുപത്രിയിൽ ആധുനിക കാത്ത് ലാബും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും മെഡിക്കൽ കോളേജിൽ ജീവനക്കാർക്കുള്ള ഫ്ലാറ്റ് സമുച്ചയം, പി.ജി വിദ്യാർത്ഥികളുടെ ക്വാർട്ടേഴ്‌സ് എന്നിവയാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ വാർ‌ത്താസമ്മേളനത്തിൽ അറിയിച്ചു.

11 കോടി രൂപ ചെലവിൽ നിർമ്മിച്ച കാത്ത് ലാബ്, കാത്ത് ഐ.സി.യു, ഒ.പി വിഭാഗം എന്നിവയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.48 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സ്ത്രീകളുടെയും പുരുഷൻമാരുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.
30 കിടക്കകളുടെ സൗകര്യമാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലുള്ളത്. ഐ.സി.യു കോർട്ട്, സിറിഞ്ച് പമ്പ്, ഇൻഫ്യൂഷൻ പമ്പ്, സെൻട്രലൈസ്ഡ് ഓക്‌സിജൻ വിതരണ സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിൽ 1.16 കോടി രൂപ ചെലവിൽ ഒ.പി ബ്ലോക്കിന്റെ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 36 ലക്ഷം ചെലവിൽ നവീകരിക്കുന്ന ഓപ്പറേഷൻ തിയറ്ററിന്റെ പ്രവൃത്തി എച്ച്.എൽ.എല്ലിനെയാണ് ഏൽപ്പിച്ചത്.
മെഡിക്കൽ കോളേജിൽ 30 കോടി ചെലവിൽ നോൺ ഗസറ്റഡ് ഓഫീസർമാർക്കായി മൂന്നു നിലകളിലായി ആറ് ക്വാർട്ടേഴ്‌സുകൾ വീതം 15 ബ്ലോക്കുകളിലായി 90 ക്വാർട്ടേഴ്‌സുകളാണ് തയ്യാറാക്കിയത്. ഗസറ്റഡ് ഓഫീസർമാർക്ക് 15 കോടി ചെലവിൽ ആറ് ബ്ലോക്കുകളിലായി 36 ക്വാർട്ടേഴ്‌സുകളും ഉദ്ഘാടനം ചെയ്യും.

4444 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായി 48 റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സുകളാണ് പി.ജി വിദ്യാർഥികൾക്കായി ഒരുങ്ങിയിട്ടുള്ളത്. 13.70 കോടി രൂപയാണ് നിർമാണ ചെലവ്.
മെഡിക്കൽ കോളേജ് കാമ്പസിന് ചുറ്റുമതിൽ നിർമിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. 5.92 കോടി ചെലവിലാണ് ചുറ്റുമതിൽ നിർമ്മിക്കുന്നത്. കാമ്പസിനകത്തെ പൊതുവഴി ചുറ്റുമതിലിന് പുറത്തായിരിക്കും. നടപ്പാതയും നിർമ്മിക്കും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പരീക്ഷ എഴുതാനായി പുതിയ പരീക്ഷാ ഹാൾ നിർമിക്കും. 13 കോടി രൂപ ഇതിനായി പാസായിട്ടുണ്ട്. താഴെ നില പാർക്കിംഗിനും തൊട്ടുമുകൾ നില പരീക്ഷാ ഹാളും അതിനു മുകളിൽ പരീക്ഷാ അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള ഹാളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.ആർ രാജേന്ദ്രൻ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമ്മർ ഫാറൂഖ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർ.എം.ഒ ഡോ. ശ്രീജിത്ത്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.കെ രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബീച്ച് ആശുപത്രിയിൽ 177 കോടിയുടെ

നവീകരണം : എ.പ്രദീപ്കുമാർ

കോഴിക്കോട് : അത്യാധുനിക സൗകര്യങ്ങളൊരുക്കി ബീച്ച് ആശുപത്രിയുടെ നവീകരണം ആരംഭിക്കുമെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ പറഞ്ഞു. സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സർജിക്കൽ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അംനിറ്റി ബ്ലോക്ക് എന്നിവയടങ്ങ്യ പുതിയ കെട്ടിടം നിർമിക്കും.

ഇതിനായി 177 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആദ്യഘട്ടത്തിൽ 88 കോടി രൂപ കിഫ്ബി പാസാക്കിയിട്ടുണ്ട്. ആറ് നിലകളുള്ള സർജിക്കൽ ബ്ലോക്കാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്റർ, ലബോറട്ടറി എന്നിവയും സൂപ്പർ മാർക്കറ്റ്, ഫുഡ്‌കോർട്ട്, ന്യായവില മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള അംനിറ്റി ബ്ലോക്ക് എന്നിവയുമാണ് നിർമിക്കുന്നത്. ഇൻകെലിനാണ് നിർമാണ ചുമതല. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.