കോഴിക്കോട്: വെള്ളയിൽ ഹാർബറിലെ പുലിമുട്ട് നിർമാണം ഇഴയുന്നതിൽ പ്രതിഷേധം കനത്തു. വഴിയിലിട്ട പ്രവൃത്തിക്കെതിരെ മത്സ്യത്തൊഴിലാളികളാണ് രംഗത്തെത്തിയിരിക്കുന്നത്. പുലിമുട്ട് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും ഹാർബറിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
ഹാർബർ നവീകരണത്തിനായി 22. 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പുലിമുട്ട് പൂർത്തിയാക്കാതെ ഫണ്ട് വകമാറ്റിയെന്ന ആരോപണവും തൊഴിലാളികൾ ഉയർത്തുന്നു. വെള്ളം കയറാതിരിക്കാൻ നിർമിക്കുന്ന പുലിമുട്ടിന്റെ നീളം കുറച്ച് ഫണ്ട് വകമാറ്റിയെന്നാണ് പ്രധാന ആരോപണം. പുലിമുട്ട് രൂപകൽപ്പന ചെയ്തപ്പോൾ തന്നെ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ വ്യക്തമാക്കി. കടലിന്റെ ഒഴുക്കും തിരമാലകളുടെ സഞ്ചാരവും പരിഗണിക്കാതെയാണ് ഡിസൈൻ ചെയ്തത്. തുടങ്ങിവച്ച നിർമാണം ഇടയ്ക്ക് നിർത്തിയതോടെ മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി കൂട്ടുകയാണ്.
തെക്ക് ഭാഗത്ത് നിന്ന് തുടങ്ങിയ പുലിമുട്ടിന്റെ അറ്റം നിൽക്കുന്നത് കടലിന് അടിത്തട്ടിലുള്ള പാറക്കടുത്താണ്. ഹാർബറിൽ നിന്ന് പുറത്തേക്ക് പോകുന്ന വള്ളങ്ങൾ തിരമാലകളിൽ പെടുകയും തകരുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഹാർബറിനുള്ളിലെ ഡ്രെയിനേജ് നിർമ്മാണം പൂർത്തികരിക്കാത്തതിനാൽ ബോട്ടും മറ്റും കഴുകുന്ന വെള്ളം ഹാർബറിനുള്ളിൽ തങ്ങി നിൽക്കുകയാണ്. കടലിൽ പോകുന്നവർക്ക് കുടിക്കാൻ ശുദ്ധജലം ലഭിക്കാൻ മാർഗമില്ല, ഇവിടെ മാലിന്യ നിക്ഷേപവും പതിവാണ്. ലൈറ്റ് സൗകര്യമൊരുക്കാതെ, സ്റ്റെപ്പ് നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണെന്ന ആരോപണവും തൊഴിലാളികൾ ഉന്നയിക്കുന്നു.