
വടകര: മഞ്ഞ് പെയ്യേണ്ട നേരത്ത് മഴ തിമർത്തു പെയ്തതിനാൽ നാട്ടിൻ പുറത്ത് ഇക്കുറി കണിവയ്ക്കാൻ പോലും കിട്ടില്ല മാങ്ങയും ചക്കയും. കടുക്കാച്ചി, പുളിയൻ പറങ്കി, കപ്പായി, തത്തക്കൊത്തൻ, നീലൻ, ഒളോർ, കുറ്റ്യാടി ഒളോർ, ഏറാമല ഒളോർ, തൊണ്ടൻ എന്നീ മാങ്ങകൾ അങ്ങാടികളിൽ തെരഞ്ഞെടുക്കാനും വിലപേശാനും കിട്ടാതെയാവും. വിപണിക്ക് വേണ്ടാത്ത ചൊന മാങ്ങ, ചേരി മാങ്ങ എന്നിവയും നാട്ടിൻപുറത്തെ മാവുകളിൽ വിരിഞ്ഞിട്ടില്ല. പതിവുപോലെ വൃശ്ചിക കുളിരിൽ മാവുകൾ മിക്കതും പൂത്തിരുന്നു. ചിലയിടത്തെല്ലാം ഉണ്ണിമാങ്ങയും കുലകുലയായി നിരന്നിരുന്നു. എന്നാൽ കാലം തെറ്റിയെത്തിയ മഴയിൽ മണം പരക്കും മുമ്പേ കരിഞ്ഞും കൊഴിഞ്ഞും പോയി. ഇതോടെ അച്ചാറിനും ഉപ്പിലിടാനും കണ്ണിമാങ്ങയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മാവുകളിൽ വിരിഞ്ഞാടുന്ന ഉണ്ണിമാങ്ങകൾ നോക്കി വിലയുറപ്പിക്കുന്ന കച്ചവടക്കാർക്കും ഇട വരുമാനം ലഭിച്ചിരുന്ന വീട്ടുകാർക്കും കാലാവസ്ഥ മാറ്റം വലിയ ചതിയാണ് ഒരുക്കിയത്. നാട്ടിൻ പുറങ്ങളിൽ കാലങ്ങളായി മാങ്ങ കച്ചവടം നടത്തുന്നവർ മാവിലേക്ക് നോക്കി നെടുവീർപ്പിടുകയാണ്.
പ്ലാവിലും കായ്ഫലം നന്നേ കുറവാണ്. ഒരു കാലത്ത് ഭൂരിപക്ഷം വരുന്ന തൊഴിലാളി കുടുംബങ്ങളുടെ വിശപ്പകറ്റിയിരുന്നത് ചക്കയായിരുന്നു. കാലംമാറിതോടെ ചക്ക പ്ലാവിൻ ചുവട്ടിൽ അഴുകിക്കിടന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്ത് ചക്കയുടെ ഔഷധഗുണത്തിന് പ്രചാരമേറിയതോ ടെ റസ്റ്റോറന്റുകളിലെ മെനു കാർഡുകളിൽ ഇടം നേടിയിരുന്നു.