കോഴിക്കോട് : ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജൂനിയർ, സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 291 പോയിന്റുമായി പുല്ലൂരാംപാറയിലെ മലബാർ സ്‌പോർട്‌സ് അക്കാദമി ചാമ്പ്യൻകിരീടം ചൂടി. 69 പോയിന്റ് ലഭിച്ച മെഡിക്കൽ കോളേജ് അത്‌ലറ്റിക്‌സ് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്. 67 പോയിന്റോടെ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനക്കാരായി.

ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റും ജി ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ മാനേജിംഗ് ഡയറക്ടറുമായ മഹറൂഫ് മണലൊടി സമ്മാനദാനം നിർവഹിച്ചു. കേരള സ്‌പോർട്‌സ് കൗൺസിൽ മെമ്പറും സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ വി.കെ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് , എ.കെ.മുഹമ്മദ് അഷറഫ്, കെ.ഹർഷകുമാർ, സി.ടി ഇല്യാസ്, പി.ടി മനീഷ്, അബ്ദുൾ അസീസ്, പി.ഷഫീഖ്, നോബിൾ കുര്യാക്കോസ്, വിനോദ് ജോസ് തുടങ്ങിയവർ സംസാരിച്ചു.