സുൽത്താൻ ബത്തേരി: വയനാട് വന്യ ജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി കർഷക സംഘടനകളുടെ കൂട്ടായ്മ ബത്തേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലബാർ വന്യജീവി സങ്കേതവും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളും ഉൾപ്പെടെ 9 വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചതു വഴി പ്രതിസന്ധിയിലായ ജനങ്ങളെ കൂടുതൽ ബുദ്ധി മുട്ടിക്കുന്നതാണ് പുതിയ പ്രഖ്യാപനം. ഇത് അംഗീകരിക്കാൻ കഴിയില്ല.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസഥിതി ലോല മേഖലയാക്കുന്നതോടെ വയനാട് ജില്ല തീർത്തും ഒറ്റപ്പെടും. സർക്കാരിന്റെ ഗൂഢതന്ത്രമാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് കർഷക സംഘടന ഭാരവാഹികൾ കുറ്റപ്പെടുത്തി.
മലബാർ വന്യ ജീവി സങ്കേതത്തിന് ചുറ്റും അതീവ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരെ വിഫാം ചെയർമാനും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനറുമായ ജോയി കണ്ണംചിറ കേരള ഹൈക്കോടതിയിൽ റിട്ട് നൽകി. കോടതി പരിസ്ഥിതി ലോല പ്രഖ്യാപനം താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രഖ്യാപനങ്ങളെല്ലാം മലയാളത്തിലേക്ക് തർജമ ചെയ്യുന്നതിന് ഉത്തരവാകുകയും ചെയ്തു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ കേന്ദ്ര ഗവർമെന്റ് റിവ്യു പെറ്റീഷൻ നൽകിയെങ്കിലും മലയാളത്തിലേക്ക് തർജമ ചെയ്യുന്നതിനുള്ള ഉത്തരവ് പുനപരിശോധിക്കാതെ കേന്ദ്ര ഗവർമെന്റിന്റെ ഹർജി നീക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. വയനാട് വന്യ ജീവി സങ്കേതത്തിന്റെ കാര്യത്തിലും റിട്ട് പെറ്റീഷൻ നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും 29291 ഏക്കർ വിസ്തൃതിയിൽ ആറ് വില്ലേജുകളെ ഉൾപ്പെടുത്തി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചത് യാതൊരു നിബന്ധനയും പാലിക്കാതെയാണ്. ഇതുവഴി 8 ലക്ഷത്തിലധികം ആളുകൾ ജില്ല വിട്ടുപോകേണ്ട അവസ്ഥ വരും. ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമപരമായും അല്ലാതെയുള്ള പ്രക്ഷോഭങ്ങളുമായും രംഗത്തിറങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വി.ഫാം ചെയർമാൻ ജോയി കണ്ണംചിറ, കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം.ജോയി, ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ചെയർമാൻ അഡ്വ.ബിനോയ് തോമസ്, എഫ്.ആർ.എഫ് കൺവീനർ എൻ.ജെ.ചാക്കോ, കാർഷിക പുരോഗമന സമിതി ജില്ലാ ചെയർമാൻ പി.ലക്ഷ്മണൻ, പി.ജെ.ജോൺ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധ ജ്വാല തീർത്തു
സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖല വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമുന്നണിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്രമൈതാനിയിൽ പ്രതിഷേധജ്വാല തീർത്തു. കെ.സി.ബി.സി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് സമരം ഉദ്ഘാടനം ചെയ്തു. കാർഷിക പുരോഗമനസമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി ആമുഖ പ്രഭാഷണം നടത്തി. കാർഷിക പുരോഗമന സമിതി, ഫാർമേഴ്സ് റിലീഫ് ഫോറം, ഹരിതസേന, വ്യാപാരി വ്യവസായി ഏകോപനസമിതി,ഏകതാപരിഷത്ത്, കർഷക പ്രതിരോധ സമിതി, എക്യുമെനിക്കൽ ഫോറം, കർഷകകൂട്ടായ്മ, എസ്.എം.എഫ്, വൺ ഇന്ത്യ വൺ പെൻഷൻ, എം.ഇ.എസ്,കേരളകുറുമ അസോസിയേഷൻ, ആദിവാസി ഫോറം, ജെ.സി.ഐ, പണിയ മഹാസഭ, സി.സി.എഫ് തുടങ്ങി 25 ഓളം സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഡോ പി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.