കോഴിക്കോട്: ആർ.ടി.എ തീരുമാനം മറികടന്ന് ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സിറ്റി ബസുകൾ ഇന്നലെ പണിമുക്കി. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുമണി വരെയായിരുന്നു പണിമുടക്ക്. തുടർന്ന് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ പി.കെ.രാജുവിന്റെ നേതൃത്വത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി സമരം ഒത്തുതീർത്തു.

കഴിഞ്ഞദിവസം നിയമം ലംഘിച്ച് സർവീസ് നടത്തിയ ദീർഘദൂര ബസുകളെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാനാഞ്ചിറ, അരയിടത്തുപാലം എന്നിവിടങ്ങളിൽ സിറ്റി ബസ് ജീവനക്കാർ തടഞ്ഞിരുന്നു. കസബ പൊലീസെത്തി ഗതാഗത തടസം സൃഷ്ടിച്ച സിറ്റി ബസുകൾ മാറ്റിയതോടെ ദീർഘദൂര ബസുകൾ നിയമപ്രകാരം സർവീസ് നടത്തിയാലെ സിറ്റി ബസ്സുകൾ നിരത്തിലിറങ്ങൂവെന്ന് തീരുമാനിക്കുകയായിരുന്നു.