
സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി
കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെയും രണ്ടാം പ്രതി സരിത എസ്. നായരുടെയും ജാമ്യം മൂന്നാം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കിൽ ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവായി. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നുവെന്നതിന് പിടിയിലായ മൂന്നാം പ്രതി കൊടുങ്ങല്ലൂർ സ്വദേശി ബി. മണിമോന്റെ ജാമ്യവും റദ്ദാക്കിയിട്ടുണ്ട്. കേസിലെ വിധി 25ന് പ്രസ്താവിക്കും. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്.
കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ പരാതിയിലായിരുന്നു കേസ്. പരാതിക്കാരന്റെ വീട്ടിലും അസോസിയേറ്റഡ് സ്റ്റീൽസ് എന്ന സ്ഥാപനത്തിലും സോളാർ പാനൽ സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി 42. 7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഒരു മാസികയിലെ പരസ്യം കണ്ട് അബ്ദുൾ മജീദ് സോളാർ കമ്പനിയുമായി ബന്ധപ്പെട്ടതായിരുന്നു. ഡോ. ആർ.ബി. നായർ, ലക്ഷ്മി നായർ എന്നീ പേരുകൾ പറഞ്ഞാണ് ഇരുവരും പരിചയപ്പെട്ടത്. പാലക്കാട് കാറ്റാടി മിൽ സ്ഥാപിക്കാൻ സഹായം ചെയ്യാമെന്നതിനു പുറമെ നാല് ജില്ലകളിൽ ടീം സോളാറിന്റെ ഡീലർഷിപ്പ് നൽകാമെന്നും ഓഫറുണ്ടായിരുന്നു. കബളിപ്പിക്കപ്പെട്ടതായി ബോദ്ധ്യപ്പെട്ടതോടെ 2012 ലാണ് അബ്ദുൾ മജീദ് പരാതി നൽകിയത്.