kunnamangalam-news
പ്ലാംത്തോട്ടത്തിൽ നഴ്സറിയിൽ ശശീധരൻ മാസ്റ്ററും മകൻ അഭിജിത്തും

കുന്ദമംഗലം: കൊവിഡ് കാലം എന്തെല്ലാം മാറ്റങ്ങളാണ് മണ്ണിലും മനുഷ്യരിലും വരുത്തിയത്. കാൽ നൂറ്റാണ്ടിലേറെയായി കാരന്തൂർ സീടെക് കോളേജ് പ്രിൻസിപ്പാളായ പി.എൻ ശശീധരൻ മാസ്റ്ററുടെ ചിന്തയിലും മാറ്റം വരുത്തിയത് മഹാമാരിയുടെ അടച്ചിടലുകൾ തന്നെ. പന്തീർപാടത്തെ വീടിന് മുന്നിൽ 36 സെന്റ് സ്ഥലം വാടകക്കെടുത്ത് ജൈവകൃഷിയും നഴ്സറിയും തുടങ്ങിയിരിക്കയാണ് ഈ അദ്ധ്യാപകൻ. മുളകും വഴുതനയും തക്കാളിയുമൊക്കെ ആവശ്യത്തിലേറെ കായ്ച്ചുനിന്നപ്പോൾ കൃഷിയിടം കാർഷിക നഴ്സറി തന്നെയാക്കി. ഫലവൃക്ഷത്തൈകളും അപൂർവയിനം ചെടികളും ഔഷധസസ്യങ്ങളും മുയലുകളും പക്ഷികളും അലങ്കാര മത്സ്യങ്ങളും തീറ്റപ്പുല്ലുകളുമായി പ്ലാംത്തോട്ടത്തിൽ നഴ്സറി ആൻഡ് ഗാർഡൻ ഇന്ന് അതിജീവനത്തിന്റെ അടയാളം കൂടിയാണ്. മകൻ അഭിജിത്തിന് കുട്ടിക്കാലംതൊട്ടേ പ്രാവുകളേയും മത്സ്യക്കുഞ്ഞുങ്ങളേയും വളർത്തുന്ന ശീലമുണ്ടായിരുന്നു. കൊവിഡിന് മുമ്പ് ഗൾഫിൽനിന്ന് തിരിച്ചെത്തിയതോടെ അച്ഛന്റെ ആശയങ്ങൾക്കൊപ്പം ചേർന്നു. നഴ്സറിക്ക് പുറമെ അക്വേറിയവും പെറ്റ് ഷോപ്പും മത്സ്യകൃഷിയും വിപുലമാക്കി. ഗാർഡനിൽ ലഘുഭക്ഷണ സ്റ്റാളും തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ ശുദ്ധജല മത്സ്യങ്ങൾ പാകം ചെയ്തും അല്ലാതെയും ഇവിടെ ലഭിക്കും.വിൽപ്പനയ്ക്കുള്ള ജൈവ പച്ചക്കറിത്തൈകൾ സ്വന്തമായി വളർത്തിയെടുക്കുന്നതാണ്. മകനെ കൂടാതെ മകൾ ആർഷയും ഭാര്യ ശോഭനയും കൃഷിപരിപാലനത്തിൽ ഒപ്പമുണ്ട്. പന്തീർപാടം അങ്ങാടിയിൽ പയമ്പ്ര റോഡിൽ പ്ലാംത്തോട്ടത്തിൽ ഗാർഡൻ ഈ മാസം 13 ന് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശശീധരൻ മാസ്റ്റർക്ക് കാർഷിക നഴ്സറി ഒരു കച്ചവടസ്ഥാപനം മാത്രമല്ല, പുതിയ തലമുറയ്ക്ക് കാർഷിക സംസ്കാരം പകർന്നുകൊടുക്കാനും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ കാർഷിക അവബോധം വളർത്തിയെടുക്കാനും പറ്റിയൊരിടമാണ്. കൊവിഡ് ഒഴിഞ്ഞുപോകുന്നതോടെ എല്ലാം മകനെ ഏൽപ്പിച്ച് പ്രിൻസിപ്പാളായി തന്നെ തുടരാനാണ് ആഗ്രഹം.