കൽപ്പറ്റ: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാർബൺ ന്യൂട്രൽ കോഫീ പാർക്കിന്റെ ഡി.പി.ആർ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും.
2021-26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിൽ ഉണ്ടാകുക. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന കർമ്മ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും. കാർഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നു. അടിസ്ഥാന സൗകര്യവികസനവും തൊഴിൽ സംരംഭങ്ങളും പാക്കേജിൽ വിഭാവനം ചെയ്യുന്നുണ്ട്. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
ജില്ലയുടെ മുഖ്യ കാർഷിക വിളയായ കാപ്പിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വയനാട് കോഫി സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്‌ക്ക് കൈമാറലും വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിക്കും. കാർബൺ ന്യൂട്രൽ കാപ്പിയെന്ന നിലയിൽ വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തി കർഷകരുടെ വരുമാനം ഉയർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശ്രേയാംസ് കുമാർ എം.പി, എം.എൽ.എ.മാരായ സി.കെ ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, കൽപ്പറ്റ നഗരസഭാ ചെയർമാൻ കെഎംതൊടി മുജീബ് തുടങ്ങിയവർ പങ്കെടുക്കും.