gender
ലിംഗസമത്വത്തിനായുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനം ജെൻഡർ പാർക്ക് കാമ്പസിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ലിംഗസമത്വത്തിനായുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിന് ജെൻഡർ പാർക്ക് കാമ്പസിൽ തുടക്കമായി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്ഥാപിച്ച ജെൻഡർ പാർക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീകൾക്കെന്ന പോലെ ഭിന്നലിംഗക്കാർക്കും വിവിധ മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാ പിന്തുണയും ജെൻഡർ പാർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ശൈലജ പറഞ്ഞു. ഭിന്നലിംഗക്കാർക്ക് വിദ്യാഭ്യാസം, നൈപുണ്യ വികസനം, ലിംഗസമത്വം എന്നിവ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് യു എൻ വിമനുമായി ചേർന്ന് ഭിന്നലിംഗ - വനിതാ സംബന്ധിയായ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് ജെൻഡർ പാർക്കിൽ പ്രത്യേക കേന്ദ്രം തുടങ്ങുന്നത്. വനിതാ സംരംഭകർക്ക് വിപണന സ്ഥലം ലഭ്യമാക്കാൻ ഇന്റർനാഷണൽ വിമൻസ് ട്രേഡ് സെന്ററും ഇവിടെ സജ്ജമാകും.

ചടങ്ങിൽ എ.പ്രദീപ് കുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജെൻഡർ പാർക്ക് സി. ഇ. ഒ ഡോ. പി. ടി. എം സുനീഷ് , ഒഡിഷ കോമേഴ്‌സ്യൽ ടാക്‌സ് ഓഫീസർ ഐശ്വര്യ ഋതുപർണ പ്രധാൻ , മുൻ രാജ്യസഭാംഗം വൃന്ദ കാരാട്ട് , ആസൂത്രണ ബോർഡ് അംഗവും ജെൻഡർ പാർക്ക് ഭരണസമിതി ഉപദേഷ്ടാവുമായ ഡോ. മൃദുൽ ഈപ്പൻ, സ്വീഡിഷ് എംബസി സെക്കൻഡ് സെക്രട്ടറി ജൊനാഥൻ ക്ലം സ്രൈലാൻഡർ, അമേരിക്കയിലെ സെന്റർ ഫോർ ഇന്റർനാഷണലിലെ സെന്റർ ഫോർ വിമൻസ് ഇക്കണോമിക് എംപവർമന്റ് ഡയറക്ടർ ബാർബറ ലാംഗ്‌ലി, വിസിറ്റ് മാലി ദ്വീപ് എം.ഡി തൊയിബ് മുഹമ്മദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ലെ തുടങ്ങിയവർ സംസാരിച്ചു.