ബാലുശ്ശേരി: പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം കായികപ്രേമികൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി നിരാഹാര സത്യാഗ്രഹം ആരംഭിച്ച കുന്നോത്ത് മനോജിന് പിന്തുണയുമായി സായ് മുൻ കോച്ചും തേനാക്കുഴി സേവ് വോളി ട്രെയ്നിംഗ് സെന്റർ ചീഫ് കോച്ചുമായ എ.കെ.പ്രേമന്റെ നേതൃത്വത്തിൽ കായിക താരങ്ങൾ എത്തിയപ്പോൾ സമരപ്പന്തലിൽ ആവശത്തിരയിളക്കം.
കോടികൾ മുടക്കി നിർമ്മിച്ച സ്റ്റേഡിയം കായികപ്രേമികൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ വോളിബാൾ താരം കൂടിയായ ഗാന്ധിയൻ കുന്നോത്ത് മനോജ് ഗാന്ധിയൻ സമരമുറ തന്നെ ആയുധമാക്കുകയായിരുന്നു. 48 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം
നിർവഹിച്ചത് ചലച്ചിത്രനടൻ ധർമ്മജൻ ബോൾഗാട്ടിയാണ്.
മുമ്പ് പൊട്ടിപ്പൊളിഞ്ഞ ബാലുശ്ശേരി ഹൈസ്കൂൾ റോഡ് വർഷങ്ങളായി റോഡ് റീ ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് ഹൈസ്കൂളിനു സമീപത്തു നിന്ന് ബാലുശ്ശേരി ടൗൺ വരെ ശയനപ്രദക്ഷിണം നടത്തിയായിരുന്നു മനോജിന്റെ സമരം.
സത്യാഗ്രഹിയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള ചടങ്ങിൽ കെ.പി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോച്ച് എ.കെ.പ്രേമൻ, സിറാജ്, എ.പി.പ്രകാശ്, ഫായിസ് നടുവണ്ണൂർ, അനിൽ കുമാർ, സുഹൈർ സംസാരിച്ചു.