shops

കോഴിക്കോട്: ദേശീയപാത വികസനത്തിനായി കടകൾ വിട്ടുകൊടുത്തവർക്ക് എൻ.എച്ച് പാക്കേജ് അനുസരിച്ച് നഷ്ടപരിഹാരം നൽകാത്തതിനെതിരെ വ്യാപാരി സംഘടനകൾ 16 ന് പ്രക്ഷോഭം തുടങ്ങുന്നു.

കട ഉടമകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകിയിട്ടും വ്യാപാരികൾക്ക് നഷ്ടപരിഹാരമില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമിതിയുടെ നേതൃത്വത്തിൽ 16 ന് കളക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കും. ഈ വിഷയത്തിനു പുറമെ ലൈസൻസ് ഫീ - തൊഴിൽ നികുതി വർദ്ധനവ് ഒഴിവാക്കുക, മിഠായിത്തെരുവിൽ വാഹന ഗതാഗതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.

കടകൾ പൊളിച്ച് മാറ്റി റോഡ് വികസനം തുടങ്ങിയിട്ടും വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്ന് സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, ട്രഷറർ എ.വി.എം കബീർ, വൈസ് പ്രസിഡന്റ് എം.ഷാഹുൽ ഹമീദ്, സെക്രട്ടറിമാരായ കെ.പി അബ്ദുൾ റസാഖ്, കെ.പി മൊയ്തീൻ കോയ എന്നിവർ സംബന്ധിച്ചു.

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 മുതൽ ദേശീയപാതയിൽ കിടപ്പ് സമരം തുടങ്ങാനാണ് തീരുമാനം. കടകൾ നഷ്ടപ്പെട്ടതോടെ ഉപജീവനമാർഗം ഇല്ലാതായ വ്യാപാരികളും കുടുംബാംഗങ്ങളും മൂരാ‌ട് പാലോളി പാലം ഭാഗത്താണ് കിടപ്പ് സമരം ആരംഭിക്കുക.

സമിതി യോഗത്തിൽ ജില്ലാ പ്രസഡന്റ് സൂര്യ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയൻ, ജില്ലാ സെക്രട്ടറി ടി. മരക്കാർ, ഡി.എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.