s-m-street

 കൗൺസിൽ തീരുമാനം കടലാസിൽ തന്നെ !

കോഴിക്കോട്: മിഠായിത്തെരുവിൽ വാഹനഗതാഗതം പുന:സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇതിനായി വ്യാപാരികളെ കൂടി ഇരുത്തി ചർച്ച നടത്തുമെന്നുമുള്ള കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനത്തിന് ഇനിയും ജീവൻ വെച്ചില്ല. കൗൺസിലിന്റെ പ്രഥമ യോഗം മുൻഗണനയോടെ കൈക്കൊണ്ട തീരുമാനമാണ് എങ്ങുമെത്താതെ നീളുന്നത്.

മിഠായിത്തെരുവ് ഉൾപ്പെടുന്ന ഡിവിഷന്റെ കൗൺസിലർ കോൺഗ്രസ് അംഗം എസ്.കെ. അബൂബക്കറും ഭരണപക്ഷത്തു നിന്ന് സി.പി.എം അംഗം വരുൺ ഭാസ്കറും ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ച് യോഗത്തിൽ വിഷയം അവതരിപ്പിച്ചതായിരുന്നു. വാഹനനിയന്ത്രണത്തിൽ ഇളവ് വേണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കുമെന്ന് തുടർന്ന് മേയർ ബീന ഫിലിപ്പ് യോഗത്തിൽ വ്യക്തമാക്കി. വ്യാപാരി സംഘടനാ പ്രതിനിധികളുമായും ടൂറിസം വകുപ്പ് അധികൃതരുമായും ചർച്ച ചെയ്യാൻ തീരുമാനവുമായി. ആദ്യയോഗം കഴിഞ്ഞ് ഒരു മാസം പൂർത്തിയാകുമ്പോഴും ഈ ദിശയിൽ പ്രത്യേകിച്ച് ഒരു നീക്കവുമുണ്ടായിട്ടില്ല.

ഗതാഗത നിരോധനം ഈ മേഖലയിലെ വ്യാപാരത്തെ വല്ലാതെ തളർത്തിയിരുന്നു. കൊവിഡ് വ്യാപനം വന്നതോടെ മിഠായിത്തെരുവ് നീണ്ട കാലം നിശ്ചലമാവാനുമിടയാക്കി. പുതിയ കൗൺസിലിന്റെ പ്രഥമ യോഗത്തിൽ മിഠായിത്തെരുവ് വിഷയത്തിൽ അനുകൂല സമീപനമുണ്ടായപ്പോൾ വ്യാപാരികൾ ഏറെ പ്രതീക്ഷയിലായിരുന്നു. പരിഹാരം പിന്നെയും നീളുകയാണല്ലോ എന്ന ആക്ഷേപമാണ് പൊതുവിൽ ഇവർക്കിടയിൽ. ഇനി ഈ ചർച്ച നടക്കുമോ എന്ന് സംശയമുയർത്തുന്നവരും കുറവല്ല.

തിരക്ക് കുറഞ്ഞ സമയങ്ങളിലെങ്കിലും വാഹന ഗതാഗതം അനുവദിക്കണമെന്ന ആവശ്യമാണ് വ്യാപാപികളുടേത്. ഈ റോഡിലെ നിരവധി കെട്ടിടങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ട്. ഇതുപോലും ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്നത് എങ്ങനെ ന്യായീകരിക്കാനാവുമെന്ന് ഇവർ ചോദിക്കുന്നു.

നവീകരണത്തിന് മുമ്പും തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ മിഠായിത്തെരുവിലേക്ക് കടത്തിവിട്ടിരുന്നില്ല. ഏതാണ്ട് 1300 വ്യാപാരികളുണ്ട് മിഠായിത്തെരുവ് മേഖലയിൽ. പിടിച്ചുനിൽക്കാനാവാതെ പലർക്കും ഇതിനിടയ്ക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു.

വാഹന ഗതാഗതം പുന:സ്ഥാപിക്കുന്നത് വല്ലാതെ നീണ്ടുപോയാൽ കൂടുതൽ പ്രതിസന്ധിയിലാവുന്ന അവസ്ഥയിലാണ് വ്യാപാരികളിൽ നല്ലൊരു പങ്കും. പറ്റാവുന്ന ക്രമീകരണത്തോടെ വാഹനസൗകര്യം ഉറപ്പ് വരുത്താൻ അടിയന്തരമായി യോഗം വിളിച്ചുചേർത്ത് തീരുമാനമെടുക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.

അതിനിടയ്ക്ക്, കൊവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മേയറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ യോഗം ചേരുന്നുണ്ട്.

''വളരെ പ്രധാനപ്പെട്ട വിഷയമെന്ന നിലയിലാണ് പുതിയ കൗൺസിലിന്റെ ആദ്യയോഗത്തിൽ തന്നെ മിഠായിത്തെരുവിന്റെ പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവന്നത്. മേയറുൾപ്പെടെ അനുകൂലമായി പ്രതികരിച്ചെന്നല്ലാതെ ചർച്ച നീണ്ടുപോവുകയാണ്. ഇനിയും വൈകാതെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങേണ്ടി വരും.

എസ്.കെ. അബൂബക്കർ

കൗൺസിലർ, വലിയങ്ങാടി