1
മഴ നനഞ്ഞ വഴികൾ ആൽബം

കോഴിക്കോട്: പൊലീസെന്നാൽ കാക്കിയും തോക്കും മാത്രമല്ല അതിനുള്ളിലൊരു പ്രണയിക്കുന്ന മനസുമുണ്ടെന്ന് കാണിച്ചു തരുകയാണ് 'മഴ നനഞ്ഞ വഴികൾ' എന്ന ആൽബത്തിലൂടെ കോഴിക്കോട് സിറ്റി സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജയേഷ് കുമാർ. മൊബൈലും, ഇന്റർനെറ്റും, ലാപ് ടോപ്പും, കംപ്യൂട്ടറുമില്ലാത്ത ഒരു കാലഘട്ടത്തിലെ പ്രണയത്തെ ഓർമ്മിപ്പിക്കുന്നതാണ് ആൽബം. വാർധക്യത്തിൽ നിന്നും പതിയെ പഴയകാലത്തിന്റെ പ്രണയ നിമിഷങ്ങളിലേക്കാണ് മഴ നനഞ്ഞ വഴികൾ പ്രേക്ഷകരെ കൂട്ടിക്കാണ്ടു പോകുന്നത്.

പഴയകാലഘട്ടത്തിൽ തങ്ങൾ അനുഭവിച്ചിരുന്ന പ്രണയ നിമിഷങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ആൽബത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രചയിതാവും സംവിധായകനുമായ ജയേഷ് കുമാർ പറയുന്നത്. പൊലീസ് ഓണാഘോഷ പരിപാടിയിൽ ലഭിച്ച അനുമോദനമാണ് ആൽബത്തിന്റെ പിറവിയിലേക്ക് നയിച്ചത്. സിവിൽ പൊലീസ് ഓഫീസർ ഷാജി കൊടുവള്ളിയാണ് ആലാപനം. ഓടക്കുഴൽ വായിച്ചിരിക്കുന്നത് എ.എസ്. ഐ സത്യജിത്ത് അത്തോളിയാണ്.

സ്മോൾ സ്മോൾ ക്രിയേഷൻസ് ബാനറിൽ നിർമ്മിച്ച ആൽബം 14ന് രാവിലെ 7നു മില്ലേനിയം യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. മിഴിവാർന്ന ദൃശ്യഭംഗി കൊണ്ടും ആലാപനം കൊണ്ടും മറ്റ് പ്രണയ ആൽബങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മഴ നനഞ്ഞ വഴികൾ.