sports-park

കോഴിക്കോട്: നഗരത്തിലെ പാർക്കുകളുടെ നിരയിലേക്ക് രണ്ട് സ്പോർട്സ് പാർക്കുകൾ കൂടി.

ചെലവൂരിലെ സ്‌പോർട്‌സ് പാർക്കും കിഴക്കേ നടക്കാവിൽ നീന്തൽക്കുളത്തിനു സമീപത്തായുള്ള ചിൽഡ്രൻസ് സ്‌പോർട്‌സ് പാർക്കും നാളെ തുറന്നുകൊടുക്കും.

കായികക്ഷമതയുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിനൊപ്പം ചെറുപ്പക്കാരെ തെറ്റായ പ്രവണതകളിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് പ്രേരിപ്പിക്കാൻ കൂടിയാണ് ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ പറഞ്ഞു.

പൂനൂർ പുഴയുടെ തീരത്താണ് മനോഹരമായ ചെലവൂർ സ്‌പോർട്‌സ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. എം.എൽ.എ യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ഫുട്‌ബാൾ സ്റ്റേഡിയം, വേളിബാൾ സ്റ്റേഡിയം, ഓപ്പൺ സ്റ്റേജ് എന്നിവയ്ക്കു പുറമെ മനോഹരമായ ഡ്രസിംഗ് റൂമുകൾ, ഫ്ലഡ് ലിറ്റ് എന്നിവയെല്ലാമുണ്ട് ഇവിടെ. ആർക്കിടെക്ട് വിനോദ് സിറിയക് രൂപകല്പന ചെയ്ത പാർക്ക് യു.എൽ.സി.സിഎസാണ് നിർമ്മിച്ചത്.

ചിൽഡ്രൻസ് സ്‌പോർട്‌സ് പാർക്കിൽ നീന്തൽക്കുളവും ബാസ്‌കറ്റ്ബാൾ ഉൾപ്പെടെയുള്ള കളികൾക്കും കോർട്ടുമുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഇവിടെ പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്താ. കോഴിക്കോട് സ്‌പോർട്‌സ് കൗൺസിലിനാണ് പ്രവർത്തന മേൽനോട്ടച്ചുമതല.

നാളെ രാവിലെ 11ന് വ്യവസായ കായിക വകുപ്പു മന്ത്രി ഇ.പി. ജയരാജൻ പാർക്കുകളുടെ ഉദ്ഘാടനം നിർവഹിക്കും. എ പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.