beenachi
ബീനാച്ചി എസ്റ്റേറ്റ്

സുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാരിന്റെ അധീനതയിലുള്ള സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റ് ഇനി കേരളത്തിന് സ്വന്തം. 534 ഏക്കർ എസ്റ്റേറ്റ് വിട്ടുനൽകാനുള്ള തീരുമാനം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ സന്ദേശം ഇന്നലെ ഇവിടെ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ്. വയനാട്ടിൽ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ഈ ഭൂമി സഹായകമാവും.
നേരത്തെ ബ്രീട്ടിഷ് പൗരന്റെ കൈവശത്തിലായിരുന്നു ഈ എസ്റ്റേറ്റ്. അദ്ദേഹത്തിന്റെ കാലശേഷം, ഒപ്പമുണ്ടായിരുന്ന മീനാക്ഷിയ്ക്കായി വസ്തുവകകളുടെ അവകാശം. ഇവരിൽ നിന്നാണ് മധ്യപ്രദേശിലെ രാജകുടുബം ഭൂമി വാങ്ങിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, രാജാക്കന്മാരുടെ ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടുന്ന ബിൽ പാസ്സാക്കിയതോടെയാണ് ബീനാച്ചി എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാരിന്റെ അധീനതയിലായത്.
ഈ എസ്റ്റേറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നിരന്തരം ശ്രമം നടത്തിയെങ്കിലും സ്വത്തുക്കൾ കൈമാറുന്നതിലെ നിയമപ്രശ്‌നങ്ങൾ തടസ്സമാവുകയായിരുന്നു. 534 ഏക്കർ ഭൂമിയിൽ 302 ഏക്കർ ഭൂമി മാത്രമാണ് എസ്റ്റേറ്റ് ഭൂമിയായുള്ളത് .ഇതിനോട് ചേർന്നുള്ള 170 ഏക്കർ അധിക വനഭൂമിയാണ്. 62 ഏക്കർ കയ്യേറ്റ ഭൂമിയും. കേരളത്തിന്റെ വനം, റവന്യു, സർവേ വകുപ്പുകളും മധ്യപ്രദേശിന്റെ ധനകാര്യ, വനം, സർവേ വകുപ്പുകളും സംയുക്തമായാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.
നിക്ഷിപ്ത വനഭൂമി പിടിച്ചെടുക്കൽ നിയമം (2001) അനുസരിച്ച് ബീനാച്ചി എസ്‌റ്റേറ്റിലെ വനഭൂമി പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടതായിരുന്നു. എന്നാൽ തുടർനടപടികളുമായി കേരളം മുന്നോട്ടു പോയില്ല. അതിനിടെ, ഒരു ഘട്ടത്തിൽ ഭൂമി അളക്കാൻ മദ്ധ്യപ്രദേശ് സർക്കാർ മുതിർന്നെങ്കിലും റവന്യു വകുപ്പും വനം വകുപ്പും എതിർത്തതിനാൽ നടന്നില്ല. പിന്നീട് വനഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം എസ്റ്റേറ്റുകാർ തടഞ്ഞതോടെ ഫലിച്ചില്ല.ഉറവ വറ്റാത്ത നീർച്ചാലുകളും അപൂർവയിനം സസ്യജാലങ്ങളും അടങ്ങിയതാണ് എസ്റ്റേറ്റ് ഭൂമി. ആന ഒഴികെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യവുമുണ്ട്. 2000-ത്തിൽ ഇവിടെ നിന്ന് കരിമ്പുലി ഉൾപ്പെടെ മൂന്ന് പുലികളെയാണ് വനം വകുപ്പ് കൂടുവെച്ച് പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് കടുവകളെ ഇവിടെ കണ്ടെത്തിയിരുന്നു.

പ്ലാന്റേഷൻ, വനം, കുടിയേറ്റ കർഷകരുടെ ഭൂമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തരം തിരിച്ചാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നത് അറുപതോളം കുടിയേറ്റ കർഷകരാണ്. എസ്റ്റേറ്റിന്റെ പേരിൽ ഭൂമിയും ഒന്നിച്ച് കൈവശം വെച്ചുപോന്നെങ്കിലും 110 ഏക്കറിനാണ് എസ്റ്റേറ്റ് നടത്തിപ്പുകാർ പ്ലാന്റേഷൻ ടാക്‌സ് അടച്ചുകൊണ്ടിരുന്നത്. സർവേ പ്രകാരം തത്വത്തിൽ അംഗീകരിച്ച അധികഭൂമി കേരള സർക്കാരിന് ഉപയോഗപ്പെടുത്താമായിരുന്നെങ്കിലും ഇതുവരെ അതിന് തുനിഞ്ഞിരുന്നില്ല. വയനാട് മെഡിക്കൽ കോളേജിനായി ഈ ഭൂമിയ്ക്ക് ശ്രമിക്കണമെന്ന് ആവശ്യമുയർന്നിരുന്നത് ഇതിനിടെയാണ്.

 'വയനാട്ടുകാർക്ക്

സന്തോഷിക്കാം"

വയനാട് പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കുവെച്ച് നിറുത്തി പറഞ്ഞു; സന്തോഷകരമായ ഒരു കാര്യം കൂടി അറിയിക്കാനുണ്ട്. അതെന്തെന്ന് അറിയാൻ സദസ് കാതോർത്തു.

മുഖ്യമന്ത്രി തുടർന്നു; ചീഫ് സെക്രട്ടറിയുടെ ഒരു സന്ദേശം ഇപ്പോൾ കിട്ടി. മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉ‌ടമസ്ഥതയിലുളള ബീനാച്ചിയിലെ ഭൂമി നമുക്ക് വിട്ടുതരാൻ തീരുമാനിച്ച വിവരം അവിടുത്തെ ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുകയാണ്. ഏതായാലും എല്ലാംകൊണ്ടും വയനാടൻ ജനതയ്ക്ക് സന്തോഷിക്കാം.