
പയ്യോളി: 'ഒരു നാൾ, ഒരു കോടി" എന്ന പദ്ധതിയിലൂടെ കേരളത്തിലെ സ്കൂളുകൾക്കാകെ മാതൃകയായി മാറിയ പയ്യോളി ഗവ.സ്കൂളിന് സംസ്ഥാന അംഗീകാരം. ഈ വർഷത്തെ മികച്ച പി.ടി.എ ക്കുള്ള അംഗീകാരം നേടിയതിന്റെ തിളക്കത്തിലാണ് വിദ്യാലയം. സെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന് അഞ്ചു ലക്ഷം രൂപയും സി.എച്ച് മുഹമ്മദ് കോയ എവർ റോളിംഗ് ട്രോഫിയുമാണ് ലഭിക്കുക. 5ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 2018 മുതൽ വിവിധ പദ്ധതികൾ ഇവിടെ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുകയായിരുന്നു. പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു നാൾ ഒരു കോടി എന്ന കർമ്മപദ്ധതിയിലൂടെ 1. 45 കോടി രൂപയാണ് സമാഹരിച്ചത്. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ആവിഷ്കരിച്ച ഈ പദ്ധതി ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പൊതുവിദ്യാലയം ഏങ്ങനെയായിരിക്കണമെന്നതിന്റെ നേർസാക്ഷ്യമാണ് ഈ സ്കൂൾ. പുസ്തകപഠനവും അദ്ധ്യാപനവും മാത്രമല്ല വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ധർമ്മമെന്നു വിവിധ പദ്ധതികളിലൂടെ സമൂഹത്തിന് കാണിച്ചു കൊടുത്തു. സഹപാഠികൾക്ക് വീട് വെച്ച് നൽകിയതും ഭിന്ന ശേഷിക്കാർക്കും കിടപ്പുരോഗികൾക്കും വിമാനയാത്രയൊരുക്കിയതും ഓൺലൈൻ പഠനത്തിന് വിദ്യാത്ഥികൾക്കു ടി.വി യും ഫോണുകളും നൽകിയതും സ്കൂളിന്റെ പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങളാണ്. ശക്തമായ നേതൃത്വവും ദിശാബോധമുള്ള പ്രവർത്തന ശൈലിയുമുണ്ടെങ്കിൽ ഏതു സ്വപ്നവും നടപ്പാക്കാമെന്നു സ്കൂൾ പ്രിൻസിപ്പൽ ബിനോയ് കുമാർ പറയുന്നു. രണ്ടു വർഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് പയ്യോളി സ്കൂളിനെ മാറ്റാനുള്ള മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുള്ള യജ്ഞത്തിലാണിപ്പോൾ.