inv

കോഴിക്കോട്: ജില്ലയെ സംരംഭക സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിനായി 'എന്റർപ്രൈസിംഗ് കോഴിക്കോട്' പദ്ധതിയ്ക്ക് തുടക്കമായി. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയ്ക്ക് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവയുടെ വളർച്ചയ്ക്കാവശ്യമായ അനുകൂല സാഹചര്യം ഒരുക്കുന്നതിനും പദ്ധതിക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരെ സഹായിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് കഴിയണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപ്പ് സാമ്പത്തിക പദ്ധതിയിൽ അഞ്ചുകോടിയിലേറെ രൂപ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിനും നീക്കിവെച്ചെങ്കിലും പല കാരണങ്ങളാൽ പൂർണ വിജയം കണ്ടില്ല. ഇതിന് പരിഹാരം കാണാൻ എന്റർപ്രൈസിംഗ് കോഴിക്കോട് പദ്ധതിക്ക് കഴിയണം. തൊഴിലില്ലായ്മയെന്ന ഗുരുതര പ്രശ്‌നത്തിന് പരിഹാരം കാണാൻ പദ്ധതിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. വി.കെ.സി.മമ്മദ് കോയ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സംരംഭകർക്ക് ആവശ്യമായ പരിശീലനം നൽകിയാൽ മാത്രമേ പദ്ധതി ലക്ഷ്യം കാണുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കളക്ടർ എസ്. സാംബശിവറാവു പദ്ധതി അവതരിപ്പിച്ചു. ജില്ലാ വികസന കമ്മിഷണർ അനുപം മിശ്ര സ്വാഗതം പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ ഓൺലൈൻ വഴിയാണ് ചടങ്ങിൽ പങ്കെടുത്തത്.തദ്ദേശ ഭരണ സ്ഥാപനതല ഉദ്ഘാടനവും നടന്നു. വെബിനാറിൽ ഡി.ഐ.സി മാനേജർമാരായ കെ.രാജീവ്, ഐ.ഗിരീഷ് എന്നിവർ പദ്ധതി വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ് സംസാരിച്ചു. ജില്ലാ പദ്ധതിയുടെയും മിഷൻ കോഴിക്കോടിന്റെയും ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാഭരണകൂടവുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഓരോ തദ്ദേശ ഭരണ സ്ഥാപന പരിധിയിലെയും തൊഴിൽ രഹിതർക്ക് സ്വയംതൊഴിൽ പദ്ധതികളിലൂടെ വരുമാനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പ്രദേശത്തിന് അനുകൂലമായ സംരംഭങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവയുടെ പ്രാദേശിക വിപണനം ഉറപ്പുവരുത്തുകയും ചെയ്യും. തദ്ദേശ ഭരണ സ്ഥാപന മേധാവി ചെയർമാനായുള്ള സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ബാങ്ക് വായ്പ ലഭ്യമാക്കുന്നതോടൊപ്പം സബ്‌സിഡിയും നൽകും.