iri

കൊടിയത്തൂർ: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ലിഫ്‌റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

വേനലിൽ വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ, കൃഷിക്കാരുടെ പേരിൽ മൈക്രോ ഇറിഗേഷൻ പദ്ധതികൾ നടപ്പാക്കിയാൽ ഇപ്പോൾ ലഭിക്കുന്നതിലും നാലിരട്ടിയെങ്കിലും ജലലഭ്യതയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പും ഇറിഗേഷൻ വകുപ്പും ധാരണയാക്കി, ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കിയാൽ ഇക്കാര്യത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാം.

കൊടിയത്തൂർ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഭാഗത്ത് പുഴയിൽ ആവശ്യത്തിന് ജലം ലഭ്യമാണെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ കൃഷിയ്ക്കുള്ള ജലസേചന സൗകര്യം പരിമിതമാണ്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.

കക്കാട് ഗവ. എൽ പി സ്‌കൂളിൽ ഒരുക്കിയ ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.കെ സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂല വിളക്കോട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം വി.പി ജമീല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ആമിന എടത്തിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി അബ്ദുള്ള, മുൻ ഗ്രാമപഞ്ചായത്ത് അംഗം ജി. അബ്ദുൽ അക്ബർ, കക്കാട് ഗവ. എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക മെഹറുന്നിസ തുടങ്ങിയവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ എം.കെ മനോജ് സ്വാഗതവും അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ സി.അജയൻ നന്ദിയും പറഞ്ഞു.