
കോഴിക്കോട്: ബീച്ചിലും മിഠായിത്തെരുവിലും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം. മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിന്റെയും വ്യാപാരികളുമായി നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണം വരുന്നത്.
പൊതു ഇടങ്ങളിൽ മാസ്‌ക്ക്, സാനിറ്റൈസർ, കൈ കഴുകുന്നതിന് കിയോസ്ക്, സാമൂഹ്യ അകലം എന്നിവ കൃത്യമായി പാലിക്കുന്നതിന് ബോധവത്ക്കരണം ശക്തിപ്പെടുത്തും. വാർഡ് ആർ.ആർ.ടികൾ അടിയന്തരമായി പുന:സംഘടിപ്പിച്ച് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സർവകക്ഷി യോഗം വിളിക്കും. ആർ.ആർ.ടി അംഗങ്ങൾക്ക് കൊവിഡ് വാക്‌സിനേഷൻ നടത്തുന്നതിന് സർക്കാരിലേക്ക് അപേക്ഷിക്കും.
വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നേരിട്ടെത്തി ബോധവത്ക്കരണം നടത്താൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെടും.
കച്ചവട സ്ഥാപനങ്ങളിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന എല്ലാവർക്കും 15 ദിവസത്തിലൊരിക്കൽ കൊവിഡ് പരിശോധന നടത്തും. കാഷ് കൗണ്ടറുകളിലിരിക്കുന്നവർ, പണം നേരിട്ട് കൈകാര്യം ചെയ്യുന്നവർ ഗ്ലൗസ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. വാർഡ് ആർ.ആർ.ടി യോഗങ്ങളിൽ കച്ചവട സംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കും. മിഠായിത്തെരുവിലെ സൺഡേ മാർക്കറ്റിൽ തിരക്ക് കുറക്കുന്നതിന് നടപടികൾ സ്വീകരിക്കും.ടൗൺ വെന്റിംഗ് കമ്മറ്റി വിളിച്ചു ചേർത്ത് തെരുവു കച്ചവടക്കാർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കച്ചവടം നടത്തുന്നതിന് കർശന നിർദ്ദേശം നൽകും.
യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ്. ജയശ്രീ, ഹെൽത്ത് ഓഫീസർ ആർ.എസ് ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.