mtk-ahemmed

നാദാപുരം: പുലർച്ചെ സ്കൂട്ടറിൽ പള്ളിയിലേക്ക് പോയ പ്രവാസി വ്യാപാരി തൂണേരി മുടവന്തേരി മേക്കര താഴെ കുനി എം.ടി.കെ അഹമ്മദിനെ (53) കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് ഫോൺ സന്ദേശമെത്തി. അഹമ്മദിന്റെ ബിസിനസ് മുഖ്യമായും ഖത്തറിലും ദുബായിലുമാണ്. അവിടെയുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിൽ നിസ്‌കരിക്കാനായി പോകവെ വെള്ള കാറിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇത് കണ്ട് പരിസരവാസികളെ വിവരം അറിയിച്ചത്. വൈകുന്നേരമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ നാദാപുരം പൊലീസ് സ്റ്റേഷനു മുന്നിൽ റോഡ് ഉപരോധിച്ചു. കാണാതായെന്ന തരത്തിലാണ് ആദ്യം കേസെടുത്തത്. പിന്നീട് തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണം നടത്താതെ പൊലീസ് മദ്ധ്യസ്ഥ ശ്രമം നടത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഫോൺ കാളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി നാദാപുരം സി.ഐ എൻ.സത്യനാഥ് പറഞ്ഞു.