
പയ്യോളി: രാഷ്‌ട്രീയ നിലവാരമില്ലാത്ത പാർട്ടിയായി സി.പി.എം അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ അവരുടെ തകിടം മറിച്ചിലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
കോടതി വിധിയുടെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കൈക്കൊണ്ട നിലപാടുകൾ തെറ്റായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ വിശ്വാസികളുടെ വികാരം മാനിക്കുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. ഈ നിലപാടു മാറ്റം കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ മനസ്സിലേല്പിച്ച മുറിവുണക്കാൻ പര്യാപ്തമല്ല. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബി.എം.എസ് നേതാവായിരുന്ന സി.ടി. മനോജിന്റെ ഒൻപതാം ബലിദാന ദിനത്തോടനുബന്ധിച്ച് പയ്യോളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ് കിഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് രാജേഷ് നാദാപുരം, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.സുരേഷ്, അഡ്വ.വി.സത്യൻ, ടി.കെ.പത്മനാഭൻ, എം.പി.ഭരതൻ, സി.സി.ബവിത്ത്, വി.പി.സതീശൻ എന്നിവർ പ്രസംഗിച്ചു. നേരത്തെ ടൗണിൽ നടന്ന റാലിയിക്ക് പ്രഭാകരൻ, പ്രശാന്തി, ടി.പ്രദീപൻ, പി.കെ.അജയകുമാർ, സജിത് കളരിപ്പടി, അംബിക ഗിരിവാസൻ എന്നിവർ നേതൃത്വം നൽകി.