
ബാലുശ്ശേരി: മരം മുറിക്കുന്നതിനിടെ രക്ത സമ്മർദ്ദം കൂടി പന കുടുങ്ങിയ മരം
വെട്ടുകാരനെ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി. നന്മണ്ട ഏഴുകുളം കുയ്യടി മീത്തൽ സുരേഷ് (50) ആണ് പനയിൽ കുടുങ്ങിയത്.പനയും ശരീരവും തമ്മിൽ ബന്ധിപ്പിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ നന്മണ്ട പതിനാലെ നാലിൽ ഉടമൻ കണ്ടി കേളപ്പൻ നായരുടെ പറമ്പിൽ പന മുറിക്കുന്നതിനിടയിലാണ് സംഭവം. തല കറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പനയുടെ മട്ടലിനിടയിൽ ഇരിക്കുകയായിരുന്നു. . ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ നരിക്കുനി അഗ്നി രക്ഷാ സേനയെ അറിയിക്കുകയായിരുന്നു. മരത്തിൻെറ മുകളിൽ നിന്ന് വലയിലാണ് സുരേഷിനെ താഴെ ഇറക്കിയത്.
ഉടനെ ബാലുശ്ശേരി മുക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ റോബി വർഗ്ഗീസ്, അസി. ഓഫീസർ പി.ഒ. വർഗ്ഗിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് എത്തിയത്. സേനാംഗങ്ങളായ സത്യൻ.പി.കെ, അബ്ദുൾ ജലീൽ, ദീപക് ലാൽ എം.സി.മനോജ്, വിജീഷ് .എ, സുജിത്കുമാർ.കെ., വി.കെ. പ്രകാശൻ, വി.സി.പ്രിയദർശൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.