കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'നമ്മുടെ കോഴിക്കോട് ' പൊതുജന പങ്കാളിത്ത പരിപാടിയുടെ ഭാഗമായുള്ള 'മിഷൻ സുന്ദര പാതയോരം' ശുചീകരണ പ്രവർത്തികൾ പുനരാരംഭിച്ചു.

മലാപ്പറമ്പ് മുതൽ പാച്ചാക്കൽ വരെയുള്ള റോഡിന്റെ ഇരുവശങ്ങളുമാണ് ശുചീകരിച്ചത്. എ. പ്രദീപ് കുമാർ എം.എൽ.എ, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കളക്ടർ എസ്. സാംബശിവ റാവു എന്നിവർ പങ്കെടുത്തു.

കോർപ്പറേഷൻ ആരോഗ്യം വിഭാഗം, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ സംഘടിപ്പിച്ച പ്രവർത്തികൾക്ക് കോർപ്പറേഷൻ കൗൺസിലർമാരായ എം.എൻ പ്രവീൺ, വി. പ്രസന്ന എന്നിവർ നേതൃത്വം നൽകി

രാവിലെ 7.30 ന് ആരംഭിച്ച ശുചീകരണത്തിൽ നമ്മുടെ കോഴിക്കോട് മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത പൊതുജനങ്ങളും വിവിധ വിദ്യാലയങ്ങളിലെ എൻ.സി.സി കേഡറ്റുകളും പങ്കാളികളായി.