കോഴിക്കോട് : നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമം, ഇനി കോരപ്പുഴ പാലത്തിലൂടെ ഗമയിൽ സഞ്ചരിക്കാം. അവസാന മിനുക്ക് പണികൾ പൂർത്തിയാക്കി ഈ മാസം 17ന് യാത്രയ്ക്കായി തുറന്ന് കൊടുക്കും. പുതിയ പാലം തുറക്കുന്നതോടെ യാത്രാ തടസങ്ങൾക്കും ഗതാഗത കുരുക്കിനും അറുതിയാവും.
ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കോരപ്പുഴ പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി ചെലവിൽ കേരള റോഡ് ഫണ്ട് ബോർഡും ദേശീയപാതാ വിഭാഗവും ചേർന്നാണ് നിർമാണം നടത്തിയത്. വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിതിട്ടുള്ളത്. 12 മീറ്റർ വീതിയിലാണ് പാലം. വാഹനങ്ങൾക്ക് പോവാനായി 7.5 മീറ്റർ കാരേജ് വേയും ഒന്നര മീറ്റർ വീതിയിൽ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിർമിച്ചിട്ടുണ്ട്. കൂടാതെ തെരുവുവിളക്കും സ്ഥാപിച്ചു. പാലത്തിൽ 32 മീറ്റർ നീളത്തിൽ ഏഴ് സ്പാനുകളാണ് ഉള്ളത്.
കോരപ്പുഴ അങ്ങാടിയിൽ നിന്ന് 150 മീറ്റർ നീളത്തിലും എലത്തൂർ ഭാഗത്ത് നിന്ന് 180 മീറ്റർ നീളത്തിലുമുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും പൂർത്തിയായി. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. എട്ട് തൂണുകളാണ് പാലത്തിനുള്ളത്.
രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയ പാലത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു . 2019 ജനുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്. ആർച്ചിന്റെ കോൺക്രീറ്റിന് മെക് അലോയ് ലോഹമാണ് ഉപയോഗിച്ചത്.
2018 ഡിസംബറിലാണ് പഴയ പാലം പൊളിച്ചു തുടങ്ങിയത്. 21 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനം ഇടയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും കാലതാമസമില്ലാതെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചു.പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പാലം ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 1937ൽ മലബാർ ഡിസ്ട്രിക്ട് ബോർഡാണ് കോരപ്പുഴയ്ക്കും മൂരാട്പുഴയ്ക്കും കുറുകെ പാലം നിർമ്മിക്കാൻ തീരുമാനിക്കുന്നത്. 1938ൽ പ്രവൃത്തി ആരംഭിച്ച് 1940ൽ പാലം പൂർത്തിയാക്കുകയും ചെയ്തു. കാലപ്പഴക്കത്താൽ ഇരുപാലങ്ങളും അപകടത്തിലായതോടെയാണ് പുതിയ പാലങ്ങൾ പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്. മൂരാട് പുതിയ പാലം നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.