കോഴിക്കോട്: സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇന്ന് 800 പട്ടയങ്ങൾ വിതരണം ചെയ്യും. ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിതരണ ഉദ്ഘാടനം നിർവഹിക്കും. നൂറുദിന പരിപാടിയിലുൾപ്പെടുത്തി റവന്യൂ ഭവന നിർമ്മാണ വകുപ്പു പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിർമ്മാണപ്രവർത്തന ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
ജില്ലയിലെ കായണ്ണ, ചെറുവണ്ണൂർ വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളാണ് ചടങ്ങിൽ ഉദ്ഘാടനം ചെയ്യുക.
വടകര റവന്യൂ ഡിവിഷണൽ ഓഫീസ് നിർമ്മാണ പ്രവർത്തനോദ്ഘാടനവും കോഴിക്കോട് താലൂക്കിലെ പൂളക്കോട്, കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, അവിടനല്ലൂർ, വടകര താലൂക്കിലെ ഏറാമല, താമരശ്ശേരി താലൂക്കിലെ വാവാട്, കോടഞ്ചേരി, പനങ്ങാട് എന്നിവിടങ്ങളിലെ സ്മാർട്ട് ഓഫീസ് നിർമ്മാണ ഉദ്ഘാടനവും നടക്കും. ചടങ്ങിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ , എ.കെ ശശീന്ദ്രൻ എന്നിവർ സന്നിഹിതരാവും. ഡോ. എം.കെ മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ. പ്രദീപ് കുമാർ എം.എൽ.എ പട്ടയ വിതരണം നിർവഹിക്കും.