കോഴിക്കോട്: വിനോദ സഞ്ചാരവകുപ്പ് കോഴിക്കോട് ഗസ്റ്റ് ഹൗസിനോടു ചേർന്നു പണിത അഡീഷണൽ ബ്ലോക്കിന്റെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതികളാണ് സർക്കാർ ആവിഷ്‌ക്കരിച്ചു വരുന്നത്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കേരളാ ടൂറിസം മുന്നോട്ടു കുതിക്കുകയാണ്. ഓരോ പദ്ധതിയും സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്കാണ്. ആ വാക്ക് പാലിക്കാൻ സർക്കാരിന് കഴിയുന്നു എന്നതാണ് പൂർത്തീകരിച്ച പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗത രീതിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി 35,738 സ്‌ക്വയർഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം പണിതത്. ശീതീകരിച്ച കെട്ടിടത്തിൽ രണ്ട് വി.ഐ.പി.റൂം, അഞ്ച് എക്‌സിക്യുട്ടീവ് റൂം, മൂന്ന് ഡീലക്‌സ് റൂം, 28 സ്യൂട് റൂം, അതിവിശാലമായ പോർച്ച്, വരാന്ത, റിസപ്ഷൻ, ഡൈനിങ്, കോൺഫറൻസ് ഹാൾ, ഓഡിയോ വിഷ്വൽ റൂം, മാനേജർ റൂം, ആധുനിക രീതിയിലുള്ള കിച്ചൺ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവ‌‌ർ ആശംസകളർപ്പിച്ചു. വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തി. വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ പി. ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. എ.പ്രദീപ് കുമാർ എം.എൽ.എ സ്വാഗതവും വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ അനിത കുമാരി സി.എൻ നന്ദിയും പറഞ്ഞു.