വടകര : വഴിയോര വിശ്രമകേന്ദ്രം ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ പഞ്ചായത്ത് ഭരണ സമിതി സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയോട് ചേർന്ന് പഞ്ചായത്തുകളിൽ വിശ്രമകേന്ദ്രം സർക്കാർ പദ്ധതിയും കഴിഞ്ഞ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെയും തീരുമാനമാണ്. നിലവിലെ ഭരണ സമിതി അംഗങ്ങൾ കൂട്ടമായി എടുത്ത തീരുമാനത്തിനെതിരെ എൽ.ഡി.എഫ് ,എസ്.ഡി.പി.ഐ അംഗങ്ങൾ ചേർന്ന് മൈതാനി സംരക്ഷണ സമിതിക്ക് രൂപം കൊടുത്ത് രംഗത്ത് വരുന്നത് അപഹാസ്യമാണ് . ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 32 സെന്റ് സ്ഥലമാണ് സ്റ്റേഡിയത്തിന് നഷ്ടപ്പെടുന്നതെന്നും അതിനെതിരെയായിരുന്നു സംരക്ഷണ സമിതി രംഗത്ത് വരേണ്ടിയിരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. .ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.ബാബുരാജ്, ഇ.ടി അയൂബ്, പ്രദീപ് ചോമ്പാല, വി.കെ അനിൽകുമാർ, സി സുഗതൻ,ഹാരിസ് മുക്കാളി, കെ.പി രവീന്ദ്രൻ, ശ്രീജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.