കോഴിക്കോട്: കൊവിഡിനെ മറന്ന് നഗരത്തിലെ വിപണന കേന്ദ്രങ്ങളിലും ബീച്ചിലും അനുഭവപ്പെടുന്ന തിക്കും തിരക്കും ആശങ്ക ഉയർത്തുന്നു. പാളയം , മിഠായിത്തെരുവ്, സെന്റർ മാർക്കറ്റ്, ബീച്ച് എന്നിവിടങ്ങളിലേക്ക് വിവിധ ദേശങ്ങളിൽ നിന്ന് ഞായറാഴ്ച ആഘോഷിക്കാൻ ആളുകൾ ഒഴുകിയെത്തിയതോടെ ഇവിടങ്ങളിൽ ഉന്തും തള്ളുമായിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഷോപ്പിംഗും ബീച്ചിലെ ഉല്ലാസവും. പലരും മാസ്ക് ധരിക്കാൻ തന്നെ മറന്നു. കെെക്കുഞ്ഞുങ്ങളുമായി ബീച്ചിലെത്തുന്നവരുടെ എണ്ണവും ഇന്നലെ കൂടി.
ബീച്ചിലും മിഠായിത്തെരുവിലും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിയന്ത്രണം ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായെങ്കിലും ഇവയെന്നും പാലിക്കപ്പെടുന്നില്ല. അതേസമയം ആളുകൾ കൂട്ടംകൂടി നിൽക്കൽ, മാസ്‌ക് ധരിക്കാതിരിക്കൽ, വാഹന പരിശോധന തുടങ്ങി മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ബോധവത്ക്കരണവും താക്കീതുമായി പൊലീസ് രംഗത്തുണ്ട്. അടുത്ത ദിവസം മുതൽ പിഴ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവാൻ സിറ്റി പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. മിഠായിത്തെരുവിൽ 10 വയസിന് താഴെയുള്ളവരുമായി വന്നവരെ പൊലീസ് ഉപദേശിച്ചുവിട്ടു. ടൗൺ പൊലീസ് പരിധിയിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 47 കേസുകളാണ് വന്നത്.