കോഴിക്കോട് : 'പ്രിസം" പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിച്ചു. എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുതിയങ്ങാടി ഗവ.എൽ.പി സ്‌കൂൾ, ബിലാത്തികുളം ജി.യു.പി സ്‌കൂൾ, നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് എന്നിവിടങ്ങളിലെ പദ്ധതികളാണ് പൂർത്തിയായത്.
സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം, വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതി, അദ്ധ്യാപക പരിശീലനം എന്നിവ ഉൾപ്പെടെ സമ്രഗവികസനമാണ് പ്രിസത്തിന്റെ ലക്ഷ്യം.
പുതിയങ്ങാടി ഗവ.എൽ.പി സ്‌കൂളിന് പുതിയ കെട്ടിടമായതോടെ പ്രീ പ്രൈമറി മുതൽ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കായി മാറി. മൾട്ടിലെവൽ കിച്ചണിന്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും പണി പുരോമഗിക്കുകയാണ്. മേയർ ഡോ.ബീന ഫിലിപ്പ്, കോർപ്പറേഷൻ സ്ഥിരംസമിതി അംഗം സി രേഖ, കൗൺസിലർമാരായ ടി. മുരളീധരൻ, എം.കെ മഹേഷ്, പണ്ടാരത്തിൽ പ്രസീന, എ.ഇ.ഒ ഹെലൻ, ഹെഡ്മാസ്റ്റർ സി.കെ ഫൈസൽ, പി.ടി.എ പ്രസിഡന്റ് കെ.ടി അഫ്‌സൽ, എസ് എസ് ജി കൺവീനർ ടി.കെ രഞ്ജിത്‌ലാൽ തുടങ്ങിയവർ സംസാരിച്ചു.
പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപയും കോർപ്പറേഷൻ 48 ലക്ഷം രൂപയും അനുവദിച്ചതോടെയാണ് നൂറ്റാണ്ടിലേറെ പഴക്കം ചെന്ന ബിലാത്തികുളം ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടമായത്. 1903 ൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ കാലക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതായിരുന്നു. തുടർന്ന് വിദ്യാലയ വികസന സമിതി രൂപീകരിച്ച് തയ്യാറാക്കിയ നവീകരണ പദ്ധതി യാഥാർത്ഥ്യമാക്കുകയാണുണ്ടായത്.
ഉദ്ഘാടനച്ചടങ്ങിൽ കഴിഞ്ഞ വർഷം സർവീസിൽ നിന്നു വിരമിച്ച പ്രധാനാദ്ധ്യാപകൻ പി. അഹമ്മദ് കുട്ടിയ്ക്ക് യാത്രയയപ്പും നൽകി. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ അനുരാധ തായാട്ട്, സി.പി സുലൈമാൻ, നവ്യ ഹരിദാസ്, സാഹിത്യകാരൻ യു.കെ കുമാരൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ, ബി പി സി ഹരീഷ്. വി, ഡോ. കെ.എസ് വാസുദേവൻ, പി.ടി.എ പ്രസിഡന്റ് രമ്യ പ്രമോദ്, ചെയർമാൻ കെ.ഹരിദാസൻ, ബി.സുകേശിനി തുടങ്ങിയവർ സംസാരിച്ചു.