biriyanifest

പയ്യോളി: ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബിരിയാണി ഫെസ്റ്റിൽ പിരിഞ്ഞ് കിട്ടിയത് 13 ലക്ഷം രൂപ. സർക്കാർ വിദ്യാലയത്തിൽ ഇത്രയധികം പേർക്ക് ആദ്യമായിട്ടാണ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിലേക്ക് ഫർണിച്ചർ ശേഖരിക്കുന്നതിന് വേണ്ടിയാണ് ജനകീയ പങ്കാളിത്തത്തോടെ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തോടെ സ്കൂളിന്റെ വികസനത്തിനായി ഒരു കോടി 40 ലക്ഷം രൂപ സമാഹരിക്കുകയും അടിസ്ഥാന സൗകര്യത്തിനായി ഒട്ടേറെ വികസന പ്രവർത്തികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പയ്യോളി മുനിസിപ്പാലിറ്റി, മൂടാടി, തിക്കോടി, തുറയൂർ, മണിയൂർ എന്നീ പഞ്ചായത്തുകളിലെ 15 ഓളം കേന്ദ്രങ്ങളിൽ വെച്ചാണ് ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തത്. പ്രതീക്ഷിച്ചതിനേക്കാൾ ഓർഡറുകൾ വന്നത് കാരണം പലയിടങ്ങളിലും ബിരിയാണി തികയാതെ വന്നിരുന്നു. പയ്യോളി ഹൈസ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്രധാനാദ്ധ്യപകൻ കെ.എൻ.ബിനോയ് കുമാർ, പി.ടി.എ പ്രസിഡന്റ് കളത്തിൽ ബിജു, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രതീപ് കുമാർ, വി.എച്ച്.സി പ്രിൻസിപ്പൽ സജിത്ത്, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ടി.ഖാലിദ്, പുതുക്കുടി ഹമീദ്, പി.ജനാർദ്ദനൻ, സബീഷ് കുന്നങ്ങോത്ത്, റാണാ പ്രതാപ് ,കെ.രുഗ്മാഗധൻ മാസ്റ്റർ, ചേലക്കൽ രാജൻ, കെ.പി ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.