lorry-parking

കോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാർക്കിംഗ് മാറ്രാൻ കോർപ്പറേഷൻ കൗൺസിലിൽ ഏതാണ്ട് ധാരണയായി. വളരുന്ന നഗരത്തിൽ ലോറി പാർക്കിംഗിന് സ്ഥിരം സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് യോഗത്തിൽ വ്യക്തമാക്കി. സംഘടനാ നേതാക്കളെയും ടൂറിസം വകുപ്പിന്റേതുൾപ്പെടെ അധികൃതരെയും വിളിച്ചുചേർത്ത് ഈ വിഷയം ചർച്ച ചെയ്യും. ഇതിന് സാവകാശം വേണമെന്നും മേയർ പറഞ്ഞു.

മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി നേതാവ് കെ. മൊയ്തീൻകോയയാണ് ശ്രദ്ധ ക്ഷണിക്കലിലൂടെ വിഷയം അവതരിപ്പിച്ചത്. അനധികൃതമായി ലോറികൾ പാർക്ക് ചെയ്യുന്നത് കുറ്റിച്ചിറ, വലിയങ്ങാടി, മുഖദാർ ഭാഗത്തെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017-ൽ പാർക്കിംഗ് മാറ്റാൻ കൗൺസിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, അത് നടപ്പാക്കാൻ സാധിച്ചില്ല. സി.ഐ.ടി.യു ഇടപെടലാണ് ലോറി സ്റ്റാൻഡ് മാറ്രാതിരിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. അര നൂറ്റാണ്ടോളമായി ലോറികൾ സൗത്ത് ബീച്ചിലാണ് പാർക്ക് ചെയ്യുന്നതെന്നും ബദൽസംവിധാനം വരുന്നതുവരെ അവിടെ തുടരണമെന്നും സി.പി.എം കൗൺസിലർ സി.പി. സുലൈമാൻ പറഞ്ഞു.

എരഞ്ഞിപ്പാലത്ത് സരോവരം പാർക്കിലേക്കുള്ള റോഡ് കൈയേറി വാഹനം പൊളിക്കുന്ന കേന്ദ്രമാക്കി മാറ്റിയെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. പ്രഭാതസവാരിയ്ക്ക് ഇറങ്ങുന്നവർക്കും സരോവരം ബയോ പാർക്കിലേക്ക് വരുന്നവർക്കും ഈ കൈയേറ്റം ഏറെ പ്രശ്നമുണ്ടാക്കുന്നതായി അവർ പറഞ്ഞു.

വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് മേയർ പറഞ്ഞു. കെ.ടി സുഷാജാണ് ശ്രദ്ധ ക്ഷണിക്കലിലൂടെ ഈ വിഷയം കൊണ്ടുവന്നത്.

എലത്തൂർ, പുത്തൂർ മേഖലയിൽ കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്നത് എത്രയും വേഗം പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെടും.

മെഡിക്കൽ കോളേജിലേക്ക് രാത്രി വൈകി ബസ് സർവീസ് ഇല്ലാത്തത് രോഗികൾക്കും മറ്റും പ്രയാസം സൃഷ്ടിക്കുന്നതായി ഇ.എം സോമൻ ശ്രദ്ധ ക്ഷണിച്ചു. നഗരത്തിലെ ഹരിത സ്ഥാപനമായ നിറവിന് മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പ്രവൃത്തി നീട്ടിനൽകാൻ തീരുമാനിച്ചു. രണ്ടു മാസത്തേക്കാണ് കരാർ നീട്ടുക.

പ്രേമലത, പി. ഉഷാദേവി, എം.പി.ഹമീദ്, എം.സി.അനിൽകുമാർ, കവിത അരുൺ, ടി.രനീഷ്, സി.എസ്. സത്യഭാമ, എസ്.കെ. അബൂബക്കർ, ഓമന മധു, കോർപ്പേറഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു.

 വില്ലേജുകൾ ക്രമീകരിക്കണം

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വില്ലേജുകൾ ജനസംഖ്യാടിസ്ഥാനത്തിൽ പുന:ക്രമീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കെ.നിർമ്മല പ്രമേയം അവതരിപ്പിച്ചു. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടാമെന്ന് മേയർ അറിയിച്ചു.

 അമൃത് പദ്ധതി ടെൻഡറിന് അംഗീകാരം

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കോതി, ആവിക്കൽ തോട് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾക്ക് ടെൻഡറായി. 11 കോടി അധികം തുകയ്ക്കാണ് ടെൻഡർ അംഗീകരിച്ചത്. തുക വർദ്ധിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർത്തെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോയാൽ പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യമാവുമെന്ന് മേയർ ചൂണ്ടിക്കാട്ടിയതിനു പിറകെ അജണ്ട പാസ്സാക്കി. അധികതുക സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.