കോഴിക്കോട് : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സങ്കൽപ്പ് പദ്ധതിക്കു കീഴിൽ ജില്ലാതല സ്‌കിൽ കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ മഹാത്മാഗാന്ധി ദേശീയ ഫെലോഷിപ്പ് മുഴുവൻ ജില്ലകളിലും നൽകും. ഐ.ഐ.എം കോഴിക്കോട് ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫെലോഷിപ്പിന്റെ നിലവാരം ഉറപ്പുവരുത്തുന്നത്.

രണ്ടു വർഷത്തെ അക്കാഡമിക് പരിശീലനം, പ്രായോഗിക പരിശീലനം എന്നിവ ഫെലോഷിപ്പിന്റെ ഭാഗമായി ഉണ്ടാവും. കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ്, തമിഴ്‌നാട് മേഖലകളിലെ ജില്ലാതല ഓഫിസർമാർക്ക് കിലയിൽ പരിശീലനം നൽകും.

69 ജില്ലകളിലായി 69 ഫെല്ലോകൾ നിലവിലുണ്ട്. ഇത് മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

ഔറംഗബാദിലെ ഓട്ടോമോറ്റീവ് ക്ലസ്റ്റർ ആണ് സങ്കൽപ്പ് പദ്ധതിയുടെ പൈലറ്റ് പ്രൊജ്ര്രകിനായി തെരഞ്ഞെടുത്തിട്ടുള്ളത്.നൈപുണ്യ ഇന്ത്യയുടെ കഴിഞ്ഞ ആറു വർഷത്തെ പ്രവർത്തനം രാജ്യത്തുടനീളം കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. സങ്കൽപ്പിനു കീഴിൽ നൈപുണ്യ വികസന പരിപാടിയുടെ പുരോഗതിക്കായി 2018ൽ മന്ത്രാലയം ജില്ലാതല നൈപുണ്യ വികസന ആസൂത്രണ അവാർഡ് രൂപീകരിച്ചിരുന്നു.