kozhikode-

കോഴിക്കോട്: ദേശീയപാത വികസനത്തിനായി കടകൾ ഒഴിഞ്ഞുകൊടുത്ത കച്ചവടക്കാർക്ക് എൻ.എച്ച് പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഒട്ടും വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ, വ്യപാരി വ്യവസായി സമിതി നേരത്തെ പ്രഖ്യാപിച്ച കിടപ്പ് സമരം വേണ്ടെന്നു വെച്ചു.

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളിലെ കച്ചവടക്കാരുടെ ലിസ്റ്റ് തയ്യാറാക്കി റവന്യൂ കമ്മിഷണർക്ക് കൈമാറുന്ന നടപടി അന്തിമഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കളക്ടർ അനിത കുമാരി വ്യപാരി വ്യവസായി സമിതി നേതാക്കളെ അറിയിച്ചു. കൊയിലാണ്ടി താലൂക്കിലെ ലിസ്റ്റ് പൂർത്തീകരിച്ചു കഴിഞ്ഞു. വടകര താലുക്കിലെ ലിസ്റ്റ് 15 ദിവസത്തിനകം നൽകും. വ്യാപാരികൾക്ക് രണ്ട് ലക്ഷം രൂപയും തൊഴിലാളികൾക്ക് 36,000 രൂപയുമാണ് പാക്കേജ് പ്രകാരം നഷ്ടപരിഹാരമായി നൽകുക.
സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി.എം.ശശീന്ദ്രൻ, പയ്യോളി മേഖലാ സെക്രട്ടറി കെ.ശശി, വടകര മേഖലാ പ്രസിഡന്റ് കരിപ്പള്ളി രാജൻ, സെക്രട്ടറി വി.അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പാക്കേജ് യാഥാർത്ഥ്യമാവുന്നത് വ്യാപാരി സമിതി പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ, സെക്രട്ടറി ടി. മരക്കാർ എന്നിവർ പറഞ്ഞു.