കോഴിക്കോട് : ഹോർട്ടികോർപ്പിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റ് വേങ്ങേരി കാർഷിക വ്യാപാര വിപണന കേന്ദ്രത്തിൽ തുറന്നു. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
ഗുണനിലവാരം കൂടിയ ഉത്പന്നങ്ങൾക്ക് പ്രീമിയം വില ഉറപ്പാക്കുന്നതിലൂടെ കർഷകർക്ക് അത്തരം ഉത്പന്നങ്ങൾ മാർക്കറ്റിലെത്തിക്കാൻ പ്രോത്സാഹനമാവുമെന്ന് അദ്ദേഹം പറഞ്ഞു. എ. പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ അതത് ജില്ലകളിലെ ഹോർട്ടികോർപ്പ് വഴി എത്തിക്കും. കോഴിക്കോട് ജില്ലയിലെ കർഷകരിൽ നിന്ന് നേരിട്ടും വേങ്ങേരി മാർക്കറ്റിലെ ലേലം വഴിയും സംഭരിക്കും. മുതലമടയിൽ നിന്നുള്ള വിവിധ ഇനം മാങ്ങകൾ, വാഴക്കുളം പൈനാപ്പിൾ, മൂന്നാറിലെ ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, ഉരുളകിഴങ്ങ്, ബീൻസ്, വെളുത്തുള്ളി, കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വിദേശ പഴങ്ങളായ അവക്കാഡോ,റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയവയും വിപണിയിൽ ലഭ്യമാക്കും.
പ്രീമിയം സൂപ്പർമാർക്കറ്റിലേക്ക് പച്ചക്കറി ഇനങ്ങൾ നൽകാൻ താത്പര്യമുള്ള ജില്ലയിലെ
കർഷകർക്ക് അതതു കൃഷിഭവനുകളിൽ നിന്ന് നൽകുന്ന ഒറ്റത്തവണ സാക്ഷ്യപത്രത്തിലൂടെ ഹോർട്ടി കോർപ്പിന്റെ ഓഫീസുമായി ബന്ധപ്പെടാം. പച്ചക്കറികൾക്ക് പണം വേഗത്തിൽ ലഭ്യമാക്കുന്നതിനായി റിവോൾവിംഗ് ഫണ്ട് ഏർപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. ഇതിലൂടെ ജില്ലയിൽ നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് ജില്ലാ ഓഫീസിൽ നിന്നും മറ്റു ജില്ലകളിലെ കർഷകരുടെ പണം ഓൺലൈൻ ട്രാൻസ്‌ഫറിലൂടെയും വേഗത്തിൽ നൽകാനാവും. കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൂടാതെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂത്താളി ജില്ലാ കൃഷിത്തോട്ടത്തിലെ പച്ചക്കറികൾ കുത്താളി ഫാം ഫ്രഷ് വെജീസ് എന്ന പേരിലും ലഭ്യമാക്കും.
നാടൻ പച്ചക്കറികളും പഴങ്ങളും കൂടാതെ ഹോർട്ടികോർപ്പിന്റെ അഗ് മാർക്ക് അംഗീകാരമുള്ള അമൃത് ബ്രാൻഡ് തേൻ, മിൽമയുടെ വിവിധ ഉത്പന്നങ്ങൾ, കാഷ്യൂ ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ കാപക്‌സ് കശുഅണ്ടി, ഇറക്കുമതി ചെയ്ത പഴങ്ങൾ തുടങ്ങിയവയും സൂപ്പർമാർക്കറ്റിൽ ലഭ്യമാകും.
രാവിലെ 9. 30 മുതൽ 6. 30 വരെയായിരിക്കും സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തന സമയം.
''പ്രീമിയം വില നൽകി സംഭരിക്കുന്ന പച്ചക്കറി ഇനങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് വിറ്റഴിക്കാനാണ് ഹോർട്ടികോർപ്പ് ലക്ഷ്യമിടുന്നത്.
മന്ത്രി വി.എസ്.സുനിൽകുമാർ