sabin

കുറ്റ്യാടി (കോഴിക്കോട്): കുറ്റ്യാടിക്കടുത്ത് നിട്ടൂരിൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം കസ്റ്റഡിയിലെടുത്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആമ്പത്ത് അശോകനെ അൻപതോളം പേരടങ്ങിയ സംഘം പൊലീസ് വാഹനം തടഞ്ഞ് എസ്.ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് മോചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം. പരിക്കേറ്റ കുറ്റ്യാടി എസ്.ഐ വി.കെ. അനീഷ്, സി.പി.ഒ രജിഷ്, ഹോംഗാർഡ് സണ്ണി കുര്യൻ എന്നിവരെ കുറ്റ്യാടി ഗവ. ആശുപത്രിയിലും എം.എസ്.പി സി.പി.ഒ സബിനിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കസ്റ്റഡിയിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്തിയസംഭവത്തിൽ അശോകന്റെ ഭാര്യ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

ബി.ജെ.പി പ്രവർത്തകൻ വടക്കെ വിലങ്ങോട്ടിൽ മണിയെ 2016 മേയ് 21ന് ബോംബെറിഞ്ഞ് പരിക്കേല്പിച്ച കേസിൽ അശോകനെതിരെയള്ള അറസ്റ്റ് വാറന്റ് നടപ്പാക്കാൻ പൊലീസ് സംഘം വീട്ടിലെത്തിയതായിരുന്നു. അശോകനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഒരു സംഘമാളുകൾ എത്തി അശോകനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയിട്ടുമുണ്ട്.